കാസര്‍കോട്: നെല്‍കൃഷിക്ക് വെള്ളം ഉറപ്പാക്കുന്നതിന് കര്‍ഷകര്‍ ഉണ്ടാക്കിയ തടയണ തകര്‍ത്തു. പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ വയലില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. പനയാല്‍ വയലിലേക്ക് വെള്ളം കയറ്റുന്നതിനു ഏതാനും കര്‍ഷകര്‍ സ്വയം ധനസമാഹരണം നടത്തി വാങ്ങിയ ചെങ്കല്ലും സിമന്റും ഉപയോഗിച്ചാണ് തോട്ടില്‍ തടയണ തീര്‍ത്തത്. തോട്ടിലൂടെ അവശ്യത്തിനു വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യത്തോടെ കുപ്പത്തോട്ടിന് കുറുകെ ചെങ്കല്ലുകള്‍ കൊണ്ട് തീര്‍ത്ത തടയണയാണ് സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്തതെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. നേരത്തെ ഇവിടെ സിമന്റ് ചാക്കുകളില്‍ മണ്ണു നിറച്ചാണ് തടയണ തീര്‍ത്തിരുന്നത്. നീരൊഴുക്കു കുറയുന്നതോടെ ഈ സംവിധാനം ഫലപ്രദമാകാത്ത സ്ഥിതിയുണ്ടാകുന്നത് കണക്കിലെടുത്താണ് ചെങ്കല്ലുകൊണ്ട് തടയണ തീര്‍ത്തതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
