ഷര്‍ട്ടിനുള്ളിലെ വെള്ളിക്കെട്ടനും അണ്ടര്‍വെയറിലെ കരിങ്ങണ്ണും; പേടിപ്പെടുത്തിയ രണ്ടു സംഭവങ്ങള്‍

വെള്ളിക്കെട്ടന്‍ പാമ്പ് സംഭവം ഉണ്ടായത് 1967ല്‍ കാസര്‍കോട് അണങ്കൂരില്‍ വെച്ച്. അന്ന് കാസര്‍കോട് കോളേജില്‍ പഠിച്ചു വന്നിരുന്ന കരിവെള്ളൂരിലെയും പരിസര പ്രദേശത്തിലെയും വിദ്യാര്‍ത്ഥികള്‍ താമസിച്ചു വന്നിരുന്നത് അണങ്കൂരിലെ വിവിധ ലോഡ്ജുകളിലായിരുന്നു. ഇപ്പോള്‍ ഡിവെഎസ്പി യായി റിട്ടയര്‍ ചെയ്തു വടകരയില്‍ വിശ്രമജീവിതം നയിക്കുന്ന പി.പി.രാഘവന്‍ നല്ല തമാശക്കാരനും ഡാന്‍സുകാരനുമൊക്കെയായിരുന്നു. അദ്ദേഹവും സുഹൃത്തുക്കളും താമസിച്ചിരുന്നത് ഓടു വെച്ച അല്‍പം പഴകിയ കെട്ടിടത്തിലായിരുന്നു.
രാഘവന്‍ വൈകുന്നേരങ്ങളില്‍ അവര്‍ താമസിച്ചു വന്ന ലോഡ്ജിന്റെ വരാന്തയില്‍ വെച്ചു ഡാന്‍സു ചെയ്യും.
‘ജിജ്ജിജാ ക്കിടി …. ജിജ്ജി ജാക്കടി…’ എന്ന് തുടങ്ങുന്ന ഡാന്‍സാണ് മൂപ്പര്‍ ചെയ്യുക. ഇത് കാണാനും വര്‍ത്തമാനം പറയാനും ഞങ്ങള്‍ പ്രസ്തുതലോഡ്ജില്‍ ഒത്തുകൂടും. ഞങ്ങള്‍ കൂട്ടംകൂടി ഇരിക്കുകയായിരുന്നു. ഞാന്‍ കെട്ടിടത്തിന്റെ വാതില്‍ പടിയിലാണിരുന്നത്. വര്‍ത്തമാനത്തിനിടെ എന്റെ തല മുകളില്‍ എന്തോ വീണു. അത് ഷര്‍ട്ടിനുള്ളിലൂടെ പുറത്തേക്കു വീണു. നല്ല ഉഗ്രന്‍ വിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പായിരുന്നു അത്. എല്ലാവരും ഭയന്നു. ഭാഗ്യത്തിന് ആരെയും ദ്രോഹിക്കാതെ എന്നെ തൊട്ടു തലോടി അവന്‍ തറയിലൂടെ ഇഴഞ്ഞു പോയി.

………………………………….
രണ്ടാമത്തെ സംഭവം ഉണ്ടായത് 1990ല്‍ ആണ്. ഒരു വൈകുന്നേരം തൃക്കരിപ്പൂര്‍ ഒളവറയില്‍ താമസിക്കുന്ന കെ. കുഞ്ഞിക്കണ്ണന്‍ മാഷിന്റെ വീട്ടിലേക്കു ചെന്നു. അന്ന് കാന്‍ഫെഡ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കുഞ്ഞിക്കണ്ണന്‍ മാഷോട് പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോയതായിരുന്നു. ഒരു ഞായറാഴ്ചയായിരുന്നു അത്. നാല് മണിയോടെ കുളിച്ച് റെഡിയായി പുറത്ത് അലക്കി ഉണങ്ങാനായി അയയില്‍ ഇട്ട ബനിയനും ഷഡിയും എടുത്ത് മുറിയിലെത്തി. ബനിയനും ഷഡിയും എടുത്തിട്ടു. ഷര്‍ട്ടും മുണ്ടും ധരിച്ചു പുറത്തിറങ്ങി. പാലക്കുന്നില്‍ നിന്ന് കാലിക്കടവിലേക്ക് ബസ്സിനും അവിടുന്ന് തൃക്കരിപ്പൂര്‍ വഴി പോകുന്ന ബസ്സില്‍ ഒളവറയിലേക്കും പോയി. ബസ്സ് സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ ദേഹത്ത് ചെറിയ വേദന അനുഭവപ്പെട്ടു. മാഷിന്റെ വീട്ടിലെത്തി കസേരയിലിരുന്ന് വര്‍ത്തമാനം പറയുകയും, ചായ കുടിക്കുകയും ഒക്കെ ചെയ്തു. കസേരയില്‍ അമര്‍ന്നിരിക്കുമ്പോഴും ചെറിയൊരു വേദന തോന്നി. അത് ശ്രദ്ധിക്കാതെ യാത്ര പറഞ്ഞ് വന്ന പോലെ ബസ്സില്‍ യാത്ര ചെയ്ത് വീട്ടിലെത്തി. ഡ്രസ് അഴിച്ചു വെച്ചു. അടിവസ്ത്രം അഴിച്ച് ഒന്നു കുടഞ്ഞപ്പോള്‍ നാളിതുവരെ കാണാത്ത ഉഗ്രന്‍ കരിങ്ങണ്ണ് താഴെ വീണു. ഞാന്‍ ഞെട്ടി പോയി. അത് എന്നെ കടിച്ചിരുന്നെങ്കില്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല. ഷഡിയുടെ ഇലാസ്റ്റിക്കിന് പറ്റിപ്പിടിച്ച രീതിയിലായിരുന്നു മൂപ്പരുടെ കിടത്തം. എന്നോടൊത്ത് സ്‌നേഹത്തോടെ മൂപ്പരും യാത്ര ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page