എട്ടുദിവസം മുമ്പ് വിവാഹം; നവവധുവും മാതാവും അടക്കം എട്ടുപേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഒരു കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് കൂട്ടക്കൊല നടന്നത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. ബോദല്‍ കഛാര്‍ ഗ്രാമത്തിലെ 27 കാരനായ ദിനേശ് ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ വര്‍ഷ ബായി, അമ്മ സിയ ബായി, സഹോദരന്‍ ശ്രാവണ്‍, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കള്‍ എന്നിവരെയാണ് ദിനേശ് കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചേ രണ്ടരയ്ക്കാണ് ഇയാള്‍ ഇവരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ഒരു വയസുള്ള കുട്ടിയടക്കം എല്ലാവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കൂട്ടുകുടുംബമായാണ് ഇവര്‍ താമസിച്ചിരുന്നത്. എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം ബാക്കിയുള്ളവരെ കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ കുടുംബത്തിലെ മറ്റൊരു സ്ത്രീ ബഹളം വെക്കുകയും ബാക്കിയുള്ളവര്‍ ഓടിക്കൂടി ഇയാളില്‍ നിന്ന് ആയുധം പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ദിനേശ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൈകാതെ ദിനേശിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണം നടത്തിയ ദിനേശ് എട്ടുദിവസം മുമ്പാണ് വിവാഹിതനായത്.
ഒരുവര്‍ഷം മുമ്പ് ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയതായി വിവരമുണ്ട്. തുടര്‍ന്ന് സാധാരണജീവിതത്തിലേക്ക് തിരികെവന്നതാണെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മാനസികപ്രശ്നങ്ങള്‍ ആരംഭിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page