കാസര്‍കോട്: കള്ളന്മാരുടെയും കൊള്ളക്കാരുടെയും ലഹരി കടത്തുകാരുടെയും പേടി സ്വപ്നമായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ 29 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെയ് 31ന് പടിയിറങ്ങും.
1995ല്‍ സബ് ഇന്‍സ്പെക്ടറായാണ് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയായ പി.പി സദാനന്ദന്‍ സര്‍വ്വീസില്‍ എത്തിയത്. പ്രൊബേഷന്‍ കാലം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലായിരുന്നു. ആദ്യ നിയമനം പത്തനംതിട്ടയിലും. സര്‍വ്വീസില്‍ കയറുന്നതിന് മുമ്പ് പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. പ്രതികളാരാണെന്ന് അറിയാത്ത കേസുകളില്‍ ചൂഴ്ന്നിറങ്ങിയുള്ള അന്വേഷണവും തെളിവു ശേഖരണ രീതിയുമാണ് സദാനന്ദനെ മികച്ച കുറ്റാന്വേഷകനാക്കി മാറ്റിയത്. അന്വേഷിച്ച ഏഴു കൊലക്കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ഇദ്ദേഹം രണ്ടായിരത്തിലധികം കളവു കേസുകളാണ് അന്വേഷിച്ചത്.
പെരുമ്പാവൂര്‍ ജിഷ വധക്കേസ്, പെരിയ ഗ്രാമീണ ബാങ്ക് കവര്‍ച്ച, പൊന്ന്യം ബാങ്ക് കവര്‍ച്ച എന്നീ കേസുകളിലെ പ്രതികളെ തിരിച്ചറിയുന്നതിന് നിര്‍ണ്ണായക പങ്ക് ഇദ്ദേഹം വഹിച്ചു. പൊന്ന്യത്തും പെരിയയിലും നടന്ന ബാങ്കു കൊള്ളകള്‍ക്ക് പിന്നില്‍ തമിഴ്നാട്ടിലെ അയ്യനാര്‍ സംഘമാണെന്ന് ആദ്യം സംശയിച്ചത് സദാനന്ദന്‍ ആയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അന്വേഷണ സംഘം പിന്നീട് പ്രതികളിലേക്കെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍ പാതയോരത്തെ വീടുകളില്‍ കവര്‍ച്ച നടത്തുന്നത് പതിവായത് ഒരു കാലത്ത് കേരള പൊലീസിന് തലവേദനയായിരുന്നു. സദാനന്ദന്റെ അന്വേഷണ മികവിലൂടെ കുറ്റവാളികളെ കണ്ടെത്തുകയും ബംഗ്ലാദേശ് ശിക്കാരി ഗ്യാങ്ങില്‍പ്പെട്ടവരെ പിടികൂടിയതും ശ്രദ്ധേയമായിരുന്നു. റിപ്പര്‍ ചന്ദ്രന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയപ്പോള്‍ അന്ന് തന്നെ പിന്‍തുടര്‍ന്ന് ഊട്ടിയിലെത്തി പിടികൂടിയതും സദാനന്ദന്‍ എന്ന പൊലീസുദ്യോഗസ്ഥന്റെ അന്വേഷണ മികവിനുള്ള സാക്ഷ്യപത്രമാണ്.
തളിപ്പറമ്പ്, ഏഴോം, കാവില്‍ ചാലിലെ ചെല്ലരിയന്‍ റീത്ത വധം, പനങ്ങാട്ടൂരിലെ ബാലന്‍ വധം, കണ്ണൂര്‍ ടൗണിലെ ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷ് വധം, വടകരയിലെ സുഹ്റ വധം, വളപട്ടണത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ് എന്നിവ അന്വേഷിച്ചത് സദാനന്ദന്റെ നേതൃത്വത്തിലായിരുന്നു. കുറ്റാന്വേഷണ രംഗത്തെ മികവ് കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭ ഇറ്റലിയിലെ വിസന്‍സില്‍ നടന്ന മൂന്ന് മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ സദാനന്ദന് അവസരം നല്‍കിയിരുന്നു. സൈബര്‍ കുറ്റാന്വേഷണ രംഗത്തും ശ്രദ്ധേയനാണ് ഇദ്ദേഹം.
കാഞ്ഞങ്ങാട് സ്വദേശിനിയായ ശ്രീജയാണ് ഭാര്യ. മക്കള്‍: ഡോ. ദയസദാനന്ദന്‍, ധ്യാന്‍ സദാനന്ദന്‍.
