ന്യൂഡെല്‍ഹി: റീമല്‍ ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു കരയിലേക്കു ആഞ്ഞടിച്ചു. 135 കിലോമീറ്റര്‍ വേഗതയില്‍ രാത്രി എട്ടരക്കു പശ്ചിമബംഗാള്‍ സാഗര്‍ ദ്വീപുകള്‍ക്കും ബംഗ്ലാദേശിലെ ഖേപുപാറക്കുമിടയില്‍ നിന്നാണ് ചുഴലിക്കാറ്റ് കരയിലേക്കു ആഞ്ഞു വീശിയത്.
കൊടുങ്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞും പിഴുതും വീണു. തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. പശ്ചിമബംഗാളില്‍ ഒരു ലക്ഷത്തില്‍പ്പരം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. റീമല്‍ ചുഴലി നാളെ വരെ നീണ്ടു നില്‍ക്കുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു.
റീമല്‍ കടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായിരിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
അതേസമയം കേരളത്തില്‍ ഉച്ചക്ക് 2.30 മുതല്‍ രാത്രി 11.30 വരെ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കാമെന്നു മുന്നറിയിപ്പുണ്ട്. തെക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ കടലാക്രമണവും തിരമാലയും ഉണ്ടായേക്കുമെന്നു മുന്നറിയിപ്പുണ്ട്.