ബന്ധുവും ശത്രുവും

നാരായണന്‍ പേരിയ

ബന്ധുവാര്? ശത്രുവാര്? രണ്ടും വെവ്വേറയല്ല, ഒരാള്‍ തന്നെ. അഥവാ ഒരേ ഇടത്ത് തന്നെ. സന്ദര്‍ഭമാണ് രണ്ടും നിശ്ചയിക്കുന്നത്.
രാഷ്ട്രീയ രംഗത്തേക്ക് നോക്കിയാല്‍ മതി, കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ഇലക്ഷന്‍ കാലത്ത് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറുന്നതെങ്ങനെ എന്ന് ശ്രദ്ധിക്കുക-ഇലക്ഷന് മുമ്പും ഇലക്ഷന്‍ കാലത്തും അത് കഴിഞ്ഞും. മൂന്ന് മുഖം, മൂന്ന് സമീപനം.
ഒരാളുടെ മനസ്സിലെന്താണ് എന്നറിയുന്നത് നാക്കിലൂടെയാണല്ലോ. ഉള്ളറിയാന്‍ വേറെ വഴിയില്ല. മഹാകവി പാടിയത് പോലെ, തന്നതില്ലപരനുള്ളു കാട്ടുവാന്‍, ഒന്നു മേ നരനുപായമീശ്വരന്‍/ഇന്ന് ഭാഷ”- ഭാഷ കുടിയിരിക്കുന്നത് നാക്കിലും. അന്യന്റെ ഉള്ളിലുള്ളത് തനിക്ക് കാണാനും, തന്റെ ഉള്ളിലുള്ളത് അന്യനെ കാട്ടാനും.
നമ്മുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ആരാകണം? ‘അഹം അഹം'(ഞാന്‍, ഞാന്‍) എന്ന് കൈപൊക്കാന്‍ അനേകര്‍ ഇത്തവണയും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കഴിഞ്ഞ തവണ അദ്ദേഹത്തെ ഇറക്കി. ജയം കണ്ടു. ഇത്തവണയും വേറെ ആരും വേണ്ട. അദ്ദേഹം തന്നെ. എന്താകും അന്തിമഫലം എന്ന് അറിയാനിരിക്കുന്നതേയുള്ളു. ജയിക്കും, കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിന് എന്ന് പാര്‍ട്ടിക്കാര്‍ പറയുന്നു. ഭൂരിപക്ഷം എത്ര എന്ന് നാള്‍ തോറും പലത് നാവിലുദിക്കുന്നു. എന്നാല്‍, തന്നെ തോല്‍പ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന് ഉണ്ണിത്താന്‍ ആരോപിക്കുന്നു. ‘കൂടോത്രം’ പ്രയോഗിച്ചു എന്നാണ് പറഞ്ഞത്. ദുര്‍മന്ത്രവാദം. മുന്നണി കണ്‍വീനര്‍ എം.എം ഹസ്സന്റെ സാന്നിധ്യത്തിലാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ബൂത്തില്‍ കൊടുക്കാനായി താന്‍ കൊടുത്ത പണം, കുറേ വിദ്വാന്മാര്‍ അടിച്ചു മാറ്റി എന്നും. അക്കാര്യം ഡിസിസി മണ്ഡലം, ബ്ലോക്ക് പ്രസിഡണ്ടുമാര്‍ക്കും മുന്നണിക്ക് വേണ്ടതും താന്‍ കൊടുത്തിട്ടുണ്ട്. എന്നിട്ട് പിന്നെയും ബൂത്തില്‍ ചെലവഴിക്കാനുള്ളത് ഓരോരുത്തര്‍ക്ക് സ്വയം വിഴുങ്ങാനുള്ളതല്ല. വിഴുങ്ങിയതാരെല്ലാമെന്നറിയാം; ആരെയും വെറുതെ വിടില്ല. ഉണ്ണിത്താന്‍ പറഞ്ഞു.
ഈ വിഴുപ്പലക്കല്‍ പ്രസംഗം ചില നേതാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു പോലും. ഗുരുതരമായ അച്ചടക്കലംഘനം തന്നെ. മൈതാനത്തില്‍ നടന്ന പരസ്യപൊതുയോഗത്തില്‍ പ്രസംഗിച്ചതല്ല, പാര്‍ട്ടിക്കമ്മിറ്റിയുടെ മീറ്റിങ്ങില്‍ പറഞ്ഞ കാര്യമാണ്. സംഘടന മര്യാദക്ക് ചേരാത്തത് ചെയ്തവരെക്കുറിച്ചുള്ള പരാതിയാണ്. നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു എന്ന് പറയുന്നു. അതിനെത്തുടര്‍ന്ന് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടത്രെ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതിന് മാത്രം സമയമായിട്ടില്ലല്ലോ. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടും അതിന് മേല്‍ നടപടിയെടുത്തില്ലെങ്കിലല്ലേ തുറന്നു പറച്ചിലിലേക്ക് കടക്കാന്‍ പാടുള്ളു.
ഇലക്ഷന്‍ ഫണ്ട് വെട്ടിക്കല്‍ എന്നത് ഗുരുതരമായ തെറ്റാണ്; കുറ്റമാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ചേരുന്നതും അച്ചടക്ക ലംഘനമാണ്. അത്തരക്കാരെ സംഘടനയില്‍ നിന്ന് ‘ദൂരതഃ പരിവര്‍ജ്ജയേത്.'(ദൂരെക്കളയണം)
എന്നാല്‍ ഉണ്ണിത്താന്റെ പാര്‍ട്ടിയെ സംബന്ധിച്ചടുത്തോളം ഇതൊന്നും പുതിയ കാര്യമല്ല. ഹൈക്കമാന്റ് കൊടുത്തയക്കുന്ന പണം അടിച്ചുമാറ്റുന്ന വിരുതന്മാരെക്കുറിച്ച് മുമ്പും കേട്ടിട്ടുണ്ട്. ആരോപണ വിധേയരായവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നുണ്ട് എന്നാണറിവ്.
ഉണ്ണിത്താന്റെ ഉടുതുണി പരസ്യമായി പിടിച്ചു വലിച്ചഴിക്കുകയുണ്ടായത്രെ മുമ്പൊരിക്കല്‍. ഒരു മീറ്റിംഗിനിടയില്‍, എതിര്‍ പാര്‍ട്ടിക്കാരല്ല, സ്വന്തം പാര്‍ട്ടിക്കാരാണ് ഇങ്ങനെ ചെയ്തത്. അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എന്നിട്ടോ? തുണി പിടിച്ചഴിക്കുകയോ? അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന് പരാതിക്കാരന്‍ തന്നെ പറഞ്ഞു പോലും. താന്‍ തുണിയുടുക്കാറേയില്ല എന്ന് പറഞ്ഞില്ലല്ലോ എന്ന് അക്കാലത്ത് ആരോ പരിഹസിച്ചു പോലും.
നര്‍മ്മകവി ചെമ്മനം ചാക്കോയുടെ ഒരു കവിതയുണ്ട്-2005 ജുലായ് മാസത്തില്‍ പ്രസിദ്ധീകരിച്ചത്. ‘തനിക്ക് ഇനി പാന്റ്‌സ് വേണ്ട, മുണ്ടുമതി’ എന്ന് മകന്‍ അച്ഛനോട് പറയുന്നു. അതെന്താ അങ്ങനെ എന്ന് അച്ഛന്‍. കശപിശ കൂടുമ്പോള്‍ എതിരാളികളുടെ നേര്‍ക്ക് തുണിപൊക്കിക്കാണിക്കാമല്ലോ, രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് പോലെ എന്ന് മകന്റെ മറുപടി. 2005ലെ കവിതയാണ്. അന്നേയുണ്ട് തുണി പൊക്കിക്കാണിക്കല്‍!
ഏതായാലും നമ്മുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ ആരോപണം ഇത്രത്തോളം പോയില്ല!
ആര്‍ഷവചനം: ‘ബന്ധുക്കളല്ല ബന്ധുക്കളാകുന്നത്/ശത്രുക്കളല്ല, ശത്രുക്കളാകുന്നതും’. രാഷ്ട്രീയരംഗത്തേക്ക് നോക്കുക; ബോധ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page