കണ്ണൂര്‍: കുടുംബം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. ഇരുനില വീടിന്റെ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിത്തുറന്ന് 10.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു. കുടുംബം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
തളിപ്പറമ്പ് അഞ്ചാം പീടിക, ചിത്രസ്റ്റോപ്പിന് സമീപത്തെ കുന്നില്‍ ശശിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശശിയും ഭാര്യയും മകനുമാണ് വീട്ടില്‍ താമസം. മകള്‍ കുഞ്ഞിമംഗലത്തെ ഭര്‍തൃവീട്ടിലാണ്. വ്യാഴാഴ്ച വൈകിട്ട് ശശിയും ഭാര്യയും മകനും മകളുമാണ് കൊല്ലൂരിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോയത്. കൊല്ലൂര്‍ കൂടാതെ മറ്റു വിവിധ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയ ശേഷമാണ് കുടുംബം ഞായറാഴ്ച രാത്രി തിരിച്ചെത്തിയത്. മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ പൂജാമുറിയിലെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട നിലയില്‍ കണ്ടെത്തി. പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരവും കണ്ടില്ല. കിടപ്പുമുറിയിലെ മൂന്നു അലമാരകളും തകര്‍ത്ത നിലയിലായിരുന്നു. വിശദമായി നോക്കിയപ്പോള്‍ വീടിന്റെ ടെറസിലെ വാതില്‍ തകര്‍ത്തതായും കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു കവര്‍ച്ച പോയ സ്വര്‍ണ്ണം. പൊലീസെത്തി അന്വേഷണം ആരംഭിച്ചു.