ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും. ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ഇന്ന് അര്‍ധരാത്രിയോടെ ബംഗ്ലാദേശിനും സമീപത്തെ തീരങ്ങള്‍ക്കുമിടയില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ഐഎംഡി അറിയിച്ചു. ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മറ്റുചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ആഞ്ഞടിക്കും. അതേസമയം ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
ചുഴലിക്കാറ്റ് ഭീഷണി തുടരുന്നതിനാല്‍ 394 വിമാനങ്ങള്‍ റദ്ദാക്കി. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം 21 മണിക്കൂര്‍ അടച്ചിടും.
ഞായറാഴ്ച അര്‍ധരാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങള്‍ക്കിടയില്‍ റെമാല്‍ കരതൊടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചിരുന്നു. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പായി ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റാണ് മണല്‍ എന്ന് അര്‍ത്ഥം വരുന്ന റെമാല്‍. ഒമാന്‍ ആണ് ഈ പേര് നല്‍കിയത്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തീരദേശ ജില്ലകളായ നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് എന്നിവടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യതയുള്ളത്. കൊല്‍ക്കത്ത, ഹൗറ, നാദിയ, പുര്‍ബ മേദിനിപൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഹാല്‍ദിയ, ഫ്രേസര്‍ഗഞ്ച്, ഒഡീഷയിലെ പാരദീപ്, ഗോപാല്‍പൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പത് ദുരന്തനിവാരണ സംഘങ്ങളെ സജ്ജരാക്കിയതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അറിയിച്ചു.
