ബംഗളൂരു: 2005 ഫെബ്രുവരി 10ന് രാത്രി തുംകൂര്‍, പാവഗടയിലെ പൊലീസ് ക്യാമ്പ് ആക്രമിച്ച് ഏഴു പൊലീസുകാരെയും ഒരു സിവിലിയനെയും വെടിവെച്ച് കൊന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചുവെന്ന കേസില്‍ ഒളിവിലായിരുന്ന മാവോയിസ്റ്റ് 19 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ബംഗളൂരു, ഗൗരിപാള്യയിലെ കൊത്തഗേര ശങ്കരയെയാണ് തുംകൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ബംഗ്ളൂരു സിറ്റി കോര്‍പ്പറേഷന്‍ ബസിന്റെ ഡ്രൈവറായിരുന്നു ഇയാള്‍. 2005ല്‍ ആണ് തുംകൂറിലെ കര്‍ണ്ണാടക സ്റ്റേറ്റ് റിസര്‍ച്ച് പൊലീസ് ക്യാമ്പിന് നേരെ ആക്രമണം നടന്നത്. 2005 ഫെബ്രുവരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവായിരുന്ന സാകേത് രാജ് എന്ന പ്രേം കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായിട്ടായിരുന്നു പൊലീസ് ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. രാത്രി 10.30ന് ആയുധധാരികളായി എത്തിയ 300 ഓളം മാവോയിസ്റ്റുകള്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തുകയും ആയുധങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്.
