അടുത്തകാലത്തിറങ്ങിയ മികച്ച ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. ‘കണ്മണി അന്‍പോട്’ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ‘കണ്മണി അന്‍പോട് ‘ഗാനം ഉള്‍പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി. ഗാനം മഞ്ഞുമ്മല്‍ ബോയ്സില്‍ ഉള്‍പ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നും വക്കീല്‍ നോട്ടീസില്‍ ഇളയരാജ വ്യക്തമാക്കിയിട്ടുണ്ട്. ഗുണയിലെ ‘കണ്‍മണി അന്‍പോട്” എന്ന ഗാനത്തിന് മഞ്ഞുമ്മല്‍ ബോയ്സില്‍ നിര്‍ണായക സ്ഥാനമുണ്ട്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.
