മംഗളൂരു: അമ്മയും മകനും ഉറങ്ങിക്കിടന്ന മുറിയിലെ അലമാര തകര്‍ത്ത് 20 പവന്‍ സ്വര്‍ണവും രേഖകളും കവര്‍ച്ച ചെയ്തു. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അമ്മയും മകനും അറിഞ്ഞത്. ബെല്‍ത്തങ്ങാടി, പല്‍ക്കെയിലെ പ്രേമഷെട്ടിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.
പ്രേമഷെട്ടിയും മകനും മാത്രമാണ് വീട്ടില്‍ താമസം. ഓടുമേഞ്ഞ വീട്ടിലെ ഒരേ മുറിയിലാണ് അമ്മയും മകനും പതിവായി ഉറങ്ങാന്‍ കിടക്കാറ്. കവര്‍ച്ച നടന്ന ദിവസവും പുറത്തേക്കുള്ള വാതിലുകളെല്ലാം അടച്ചുവെന്ന് ഉറപ്പാക്കിയാണ് ഇരുവരും പതിവ് പോലെ ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും രേഖകളും കവര്‍ച്ച ചെയ്തത്. ഇരുവരെയും മയക്കാന്‍ എന്തെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നു. വീടിന് അല്‍പം അകലെയുള്ള ഒരു വീട്ടില്‍ നടന്ന മറ്റൊരു മോഷണത്തില്‍ നാല് പവന്‍ തൂക്കം വരുന്ന ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. തെയ്യം കാണാന്‍ വീട്ടുകാര്‍ പോയ സമയത്താണ് മോഷണം നടന്നത്.
