വൈകുന്നേരത്തെ നടത്തം ആഹ്ലാദപ്രദമാണ്. കൂടെ നടക്കാന്‍ പഴയകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ പ്രഭാകരന്‍ കല്ലത്തുമുണ്ടാകും. പാലക്കുന്നു മുതല്‍ വെള്ളച്ചാല്‍ വരെയാണ് സവാരി. ഏകദേശം 3 കി.മീ. വരും. സൊറ പറഞ്ഞു കൊണ്ടുള്ള നടത്തമാണ്. വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവരോടും കുശലം പറഞ്ഞിട്ടേ മുന്നോട്ട് പോകു. പോകുന്ന വഴിയില്‍ ആദ്യം കൃഷ്ണനും ഭാര്യയും നടത്തുന്ന ചെറിയ കടയുടെ അരികില്‍ നിന്ന് സുഖാന്വേഷണം നടത്തും. കൃഷ്ണന്റെ ഭാര്യ കടയില്‍ ഇരിക്കുന്നതോടൊപ്പം ബീഡി തെറുപ്പുമുണ്ട്. അതു കഴിഞ്ഞ് ബസ്്‌റ്റോപ്പാണ്. അവിടെ കുറച്ചു പേര്‍ ഇരിക്കുന്നുണ്ടാവും. നടക്കാന്‍ പ്രയാസപ്പെടുന്ന നാരായണന്‍, ആരോടും സംസാരിക്കാതിരിക്കുന്ന ഒരു ലോട്ടറി വില്‍പ്പനക്കാരന്‍, അവരോടൊക്കെ ടാറ്റ പറഞ്ഞു മുന്നോട്ടുപോകും. അതിനടുത്ത് കൃഷ്ണപിള്ള സ്മാരക വായനശാല. അവിടെയും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി നാരായണനും സുഹൃത്തുക്കളുമുണ്ടാവും. പിന്നെ റോഡ് ഇറക്കമാണ്. ഇറക്കത്തില്‍ അടുത്ത് തുടങ്ങിയ ചായപെട്ടി പീടികയുണ്ട്. ഒരു സ്ത്രീയാണ് നടത്തിപ്പുകാരി. അവിടുത്തെ പ്രധാന വിഭവം പഴംപൊരിയാണ്. വൈകീട്ടാവുമ്പോള്‍ ഒരുപാടാളുകള്‍ അവിടെ ചായ കുടിക്കാന്‍ എത്താറുണ്ട്. മിക്ക ആളുകളും പരിചയക്കാരായിരിക്കും എല്ലാവരോടും സ്‌നേഹാന്വേഷണം പറയും. നടത്തത്തിന് അല്‍പം വേഗത കൂട്ടിയാണ് ഇനിയുള്ള നടത്തം. വെള്ളച്ചാല്‍ ബസ് സ്റ്റോപ്പില്‍ അഞ്ചോ പത്തോ മിനുട്ട് നേരം ഇരിക്കും. ആ സമയത്ത് അവിടങ്ങളിലുള്ള സമപ്രായക്കാരായ സുഹൃത്തുക്കളും ഒപ്പമിരിക്കാന്‍ വരും. നാട്ടുവര്‍ത്താനം, വ്യക്തിപരമായ വിശേഷങ്ങള്‍, എല്ലാം ഞങ്ങളുടെ സംസാരത്തിനിടയില്‍ കടന്നുവരും. ഇന്നലെ വൈകിട്ട് സി.മാധവന്‍, കൃഷ്ണന്‍ നായര്‍, കരിമ്പില്‍ ചന്ദ്രന്‍, കുഞ്ഞിരാമന്‍, രാജന്‍ തുടങ്ങി പലരെയും അവിടെ കണ്ടു. നടക്കുമ്പോള്‍ കട്ടിലിന്റെ കാലിന് സ്വന്തം കാല് കാണാതെ മുട്ടിയതിനാല്‍ എല്ല് പൊട്ടി ഡോക്ടറെ കാണാന്‍ പോയ അനുഭവം പങ്കിട്ടപ്പോള്‍ ബസ്സ് കാത്തു നില്‍ക്കുന്ന അമ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു സഹോദരി അവരുടെ കാലിന് വിറക് വീണ് വീങ്ങിയ അനുഭവം പങ്കിട്ടു. അവരുടെ രൂപവും ഭാവവും കണ്ടാല്‍ ടീച്ചറാണെന്ന് തോന്നും. ‘ടീച്ചറല്ലേ’ ഞാന്‍ ചോദിച്ചു. ‘അല്ല എന്റെ മകള്‍ ടീച്ചറാണ്’ ചിരിച്ചു കൊണ്ട് അവരുടെ മറുപടി. സി. മാധവന്‍ നല്ല വായനക്കാരനാണ്. ഞാന്‍ എഴുതിയ അഞ്ച് പുസ്തകങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. അവസാനം പ്രസിദ്ധീകരിച്ച ‘അവള്‍ അവളുടെ കഥ പറയുന്നു’ എന്ന പുസ്തകത്തിലെ രഘുവരന്‍ സാര്‍ എന്ന കഥാപാത്രം മാഷ് തന്നെയല്ലെ എന്ന സംശയമാണ് ഉന്നയിച്ചത്. ഞാനല്ല എന്ന് പറഞ്ഞപ്പോഴും അദ്ദേഹം ചില സൂചനകള്‍ നല്‍കി മാഷ് തന്നെയെന്ന് സമര്‍ത്ഥിച്ചു. മുന്‍ മിലിട്ടറിക്കാരനായ കൃഷ്ണന്‍ നായര്‍ എന്നും ചായക്ക് ക്ഷണിക്കും. സ്‌നേഹപൂര്‍വ്വം ഞാന്‍ നിരസിക്കുകയാണ് പതിവ്. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ടിന്റെ ജില്ലാ ജാഥയെ കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ജാഥയില്‍ പങ്കെടുക്കുന്നതിന് ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. എഴുപത്തഞ്ചില്‍ എത്തിയിട്ടും ഊര്‍ജസ്വലനായി പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഇന്നും ഇടപെടുന്നുണ്ടദ്ദേഹം. കൃഷ്ണനു പറയാനുണ്ടായിരുന്നത് നടു വേദനയെക്കുറിച്ചും കാഴ്ചക്കുറവിനെക്കുറിച്ചുമാണ്. അവിടെ കൂടിയിരുന്നവര്‍ എല്ലാവരും അവരവര്‍ അനുഭവിക്കുന്ന ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചാണ് പറഞ്ഞത്. ഇതെല്ലാം ശ്രദ്ധിച്ച മാധവന്‍ പറഞ്ഞു. ‘അസുഖങ്ങളെല്ലാം എനിക്കുണ്ട്. പക്ഷേ അതൊന്നും കണക്കിലെടുക്കാതെയാണ് ഞാന്‍ ജീവിച്ചു പോകുന്നത്’ അവിടെ കൂടിയിരുന്നവരെല്ലാം എഴുപത് പിന്നിട്ടവരായിരുന്നെങ്കിലും യുവാക്കളുടെ പ്രസരിപ്പോടെയാണ് ‘ഒന്നിലും പരിഭവിക്കാതെ നമുക്ക് മുന്നോട്ടു പോവാം’ എന്നാണ് മാധവന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടു പ്രതികരിച്ചത്. ഇതിനിടയില്‍ ആ പ്രദേശത്തെ പ്രമുഖനായ ഒരു വ്യക്തി ഞങ്ങളെയൊന്നും മൈന്റ് ചെയ്യാതെ പോയപ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ പ്രതികരിച്ചത് ‘ചിലര്‍ക്ക് തലക്കനം കൂടും സംസാരം അത്തും പിത്തു’ മാവും എന്നൊക്കെയാണ്. ഇവിടെ ഇരിക്കുന്ന എഴുപത് പിന്നിട്ടവരും നാളെ അതുപോലെയാവും എന്ന് അതിന് മറുപടിയായി പറഞ്ഞു.
