കാസര്‍കോട്: മംഗ്ളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് 14 വര്‍ഷം. 2010 മെയ് 22ന് രാവിലെ 6.30ന് മംഗ്ളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ടത്. ദുബായില്‍ നിന്നുമെത്തിയ വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റണ്‍വെ തെറ്റി വലിയ കുഴിയിലേക്ക് വീണ് തീ പിടിച്ചാണ് അപകടം ഉണ്ടായത്. കാസര്‍കോട്, കണ്ണൂര്‍, മംഗ്ളൂരു സ്വദേശികളായ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ മലയാളികളടക്കം എട്ടു യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 158 പേര്‍ മരിച്ചു. ഇവരില്‍ 52 പേര്‍ മലയാളികളായിരുന്നു. വിമാനദുരന്തത്തിന്റെ ഓര്‍മ്മക്ക് അപകടം നടന്ന സ്ഥലത്ത് സ്മാരകം നിര്‍മ്മിച്ചിരുന്നുവെങ്കിലും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണിപ്പോള്‍. ഇരകളായ പലരുടെയും കുടുംബങ്ങള്‍ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് ദുരന്തത്തിന്റെ മറ്റൊരു വാര്‍ഷിക ദിനം കൂടി കടന്നുപോകുന്നത്
