ബോവിക്കാനം: മഴക്കാലം ആസന്നമായതോടെ ബോവിക്കാനത്ത് റോഡിലേക്ക് ചരിഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ചെര്‍ക്കള – ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലും ബോവിക്കാനം കുറ്റിക്കോല്‍ റോഡിലുമാണ് മരങ്ങള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്നത്. ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ ചെര്‍ക്കള കെ.കെ പുറം മുതല്‍ ആദൂര്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും വര്‍ഷങ്ങള്‍ പഴക്കമുള്ള അക്കേഷ്യ ഉള്‍പ്പെടെയുള്ളമരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുള്ളത്. വര്‍ഷങ്ങള്‍ മുന്‍പ് ഇതേ റോഡിലെ മുള്ളേരിയ പൂവടുക്കയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് ഒരു യുവാവ് മരിക്കുകയും മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിന് ശേഷം റോഡരില്‍ ഭീഷണിയായി നിലനിന്നിരുന്ന ഏതാനും മരങ്ങള്‍ മുറിച്ചു നീക്കിയിരുന്നുവെങ്കിലും മറ്റു പലയിടത്തും ഇപ്പോഴും നിരവധി മരങ്ങള്‍ ഭീഷണിയായി നില്‍ക്കുന്നു.
ബോവിക്കാനം കുറ്റിക്കോല്‍ റോഡില്‍ ബോവിക്കാനം ചിപ്ലിക്കായ മുതല്‍ കാനത്തൂര്‍ വരെയുള്ള ഭാഗങ്ങളിലും നിരവധി മരങ്ങള്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതില്‍ പല മരങ്ങളുടെയും ചുറ്റുമുള്ള മണ്ണ് റോഡ് വികസനത്തിനുവേണ്ടി നീക്കം ചെയ്തത് മൂലം വേരുകള്‍ അറ്റനിലയിലാണ്. ഇതിനു പുറമെ എച്ച്.ടി വൈദ്യുതി ലൈനുകളടക്കം മരത്തിനടിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പാതകളില്‍ നേരത്തേ പലതവണ റോഡിലേക്കു മരം ഒടിഞ്ഞുവീണിട്ടുണ്ട്. തലനാരിഴ വ്യത്യാസത്തിനാണ് പലപ്പോഴും വന്‍ദുരന്തം ഒഴിവാകുന്നത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍കടന്നു പോകുന്ന പാതകളാണിത്. ഏത് നിമിഷവും വീഴാന്‍ പാകത്തില്‍ റോഡിലെക്ക് ചാഞ്ഞ് നില്‍ക്കുന്ന
മരങ്ങള്‍ മഴക്കാലത്തിന് മുമ്പ് മുറിച്ചു നീക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
