കണ്ണൂര്‍: വിവാഹ വീട്ടിലെ പാട്ടിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ തേടിപ്പോയപ്പോള്‍ എസ്.ഐ.ക്കും സംഘത്തിനും നേരെ അക്രമം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അഴീക്കോട്, പുന്നക്കപ്പാറയിലെ പ്രയാഗ് (30), റോഷില്‍ (35), കെ. പുഷ്പജന്‍ (55) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെ അഴീക്കോട് ആയനി വയലിലെ ഒരു കല്യാണ വീട്ടിലാണ് സംഭവങ്ങളുടെ തുടക്കം. കല്യാണ വീട്ടില്‍ തലേന്ന് രാത്രി തുടങ്ങിയ പാട്ടും ആട്ടവും പുലര്‍ച്ചെ വരെ നീണ്ടു നിന്നു. ഇതോടെ ബന്ധുവായ ഒരാള്‍ പാട്ട് ഓഫ് ചെയ്തു. ഇതിനെ തുടര്‍ന്ന് റോഷിലിന്റെ നേതൃത്വത്തില്‍ പാട്ട് ഓഫാക്കിയതിനെച്ചൊല്ലി വാക്കേറ്റം ഉണ്ടായി. പിറ്റേന്ന് വിവാഹ ശേഷം പാട്ട് ഓഫ് ചെയ്ത ആളെ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചു. അക്രമം തടയാന്‍ ശ്രമിച്ച സ്ത്രീയേയും കുട്ടിയെയും മര്‍ദ്ദനത്തിനിരയാക്കി. സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്തു. കേസിലെ പ്രതികള്‍ തിങ്കളാഴ്ച വൈകിട്ട് മീന്‍കുന്ന് ബീച്ച് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു എ.എസ്.ഐ. എ.പി ഷാജിയും സംഘവും. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ എ.എസ്.ഐയുടെ ഇടത് കയ്യുടെ നടുവിരല്‍ ഇവര്‍ പിടിച്ച് ഒടിച്ചു. അതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരെയും കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
