മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. മലയാള സിനിമയിലെ പകരം വെയ്ക്കാൻ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾ ദിനത്തിൽ ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. തിങ്കളാഴ്ച കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. 55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരിക്കുകയാണ് ആരാധകരും സിനിമാലോകവും. അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ, മോഹൻലാലിൻറെ തന്നെ ആദ്യ സംവിധാനം ബറോസും അണിയറയിൽ ഒരുങ്ങുകയാണ്. പുരസ്കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായാണ് മോഹൻലാലിന്റെ ജനനം. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജ് പഠനത്തിനിടെ തിരനോട്ടം (ചലച്ചിത്രം1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. നിർഭാഗ്യവശാൽ ഈ പടം പുറത്തിറങ്ങിയില്ല. പിന്നീട് ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന മോഹൻലാൽ ഇന്ന് മലയാളത്തിലെ മഹാ നടനാണ്. നാല് ദേശീയ പുരസ്കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്.
