കുന്താപുരം: മാതാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കിടന്ന ശാരീരിക വൈകല്യമുള്ള മകള്‍ മരിച്ചു. നാലുദിവസം വീട്ടില്‍ ആളനക്കമില്ലാതായതിനെ തുടര്‍ന്നു പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തിനടുത്തു വെള്ളം പോലും കുടിക്കാതെ കിടക്കുന്ന മകളെ കണ്ടത്. അവശനിലയിലായ യുവതിയെ അവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതി ആശുപത്രിയില്‍ മരിച്ചു. കുന്ദാപുരം മുഡുഗോപാടി ദസനഹദിയിലാണ് സംഭവം. മുഡുഗോപാടിയിലെ ജയന്തിഷെട്ടി (62)യുടെ മൃതദേഹം ജീര്‍ണ്ണിച്ചിരുന്നു. മകള്‍ പ്രഗതിഷെട്ടി (32) വെള്ളവും ഭക്ഷണവും ഇല്ലാതെ മാതാവിന്റെ മൃതദേഹത്തിനടുത്തു കിടക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണശേഷം മാനസിക അസ്വസ്ഥത നേരിടുന്ന ഭാര്യ ജയന്തിയും മകള്‍ പ്രഗതിയും പ്രേമഹ രോഗ ബാധിതരായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇരുവരുടെയും ഓരോ കാല്‍ അടുത്തിടെ മുറിച്ചുമാറ്റിയിരുന്നു. ഇതിനിടയിലും പ്രാര്‍ത്ഥനയും ക്ഷേത്ര ദര്‍ശനങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു ഇവരെന്നു പറയുന്നു.