ചെര്‍ക്കള ദേശീയപാതയിലെ വെള്ളക്കെട്ട്; കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു; പരിഹാരമുണ്ടാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം

കാസര്‍കോട്: ചെങ്കള ദേശീയപാതയില്‍ ചാറ്റല്‍ മഴയ്ക്ക് പോലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഉടന്‍ പരിഹരിക്കാന്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ നിര്‍മാണ കരാറുകാരോട് നിര്‍ദ്ദേശിച്ചു. വെള്ളക്കെട്ട് ഉണ്ടായ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച ശേഷമാണ് കളക്ടറുടെ നടപടി. ഓവുചാല്‍ പൂര്‍ത്തീകരിച്ച് നിലവില്‍കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഓവുചാല്‍ വഴി മഴ വെള്ളം ഒഴുക്കിവിടുന്നതിനും ഫ്‌ളൈ ഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിര്‍മാണ കരാറുകാര്‍ ജില്ലാ കളക്ടര്‍ക്ക് ഉറപ്പ് നല്‍കി. നിലവില്‍ താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയര്‍ത്തുമെന്നും ഡ്രെയിനേജ് പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും നിര്‍മാണ കരാറുകാരുടെ പ്രതിനിധികള്‍ ജില്ലാ കളക്ടറെ അറിയിച്ചു. ചെങ്കള താഴെ ഭാഗത്തുള്ള മണ്ണിടിച്ചില്‍ തടയുന്നതിന് നിര്‍മാണ പ്രവൃത്തിയ്ക്ക് നിക്ഷേപിച്ച അധികമണ്ണ് നീക്കുമെന്നും കരാറുകാര്‍ അറിയിച്ചു. റോഡ് പണി തുടങ്ങിയ ശേഷം ഒരാഴ്ച മുമ്പ് ചാറ്റല്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഇവിടെ റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. മഴവെള്ളം ഒഴുകിപ്പോവാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്താതിരുന്നതാണ് വെള്ളക്കെട്ടിനും ഗതാഗത തടസത്തിനും ഇടയാക്കിതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ ദുരിതാവസ്ഥ കാരവല്‍ ഓണ്‍ ലൈന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വിവരത്തെ തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയായിരുന്നു. വെള്ളക്കെട്ടുണ്ടായ സ്ഥലത്ത് പരിശോധനയും നടത്തി. കരാര്‍ പ്രതിനിധികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മഴ രൂക്ഷമായാല്‍ അവസാനഘട്ടത്തോടടുത്തിരിക്കുന്ന ദേശീയപാത നിര്‍മാണത്തെ പലേടത്തുമുളള വെള്ളക്കെട്ടുകള്‍ തടസപ്പെടുത്തുമെന്ന ആശങ്കയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page