തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെയാണ് തിരിച്ചെത്തുക. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.
