കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഈ ദുരനുഭവം. കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയും മാതാപിതാക്കളും ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കയ്യിനാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സിന്റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. അതേസമയം, കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ പ്രതിഷേധിച്ചു. ചികില്‍സാ പിഴവ് വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണം ഉണ്ടാക്കണമെന്നും പ്രകടനം ആവശ്യപ്പെട്ടു. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. അതേസസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
