തെലങ്കാന എക്സിബിറ്റേഴ്സ് സംസ്ഥാനത്തെ തിയറ്ററുകള്‍ രണ്ടാഴ്ചത്തേക്ക് താത്ക്കാലികമായി അടച്ചിട്ടു. തിയറ്ററുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്താകെ 400-ലധികം തിയറ്ററുകള്‍ ഉണ്ട്. ഈ മാസം 10 ദിവസത്തേക്കാണ് തിയറ്ററുകള്‍ അടച്ചിടുന്നത്. ചിലപ്പോള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ നേടാനാകാതെ പോയത് തിയറ്ററുകളെ സാരമായി ബാധിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ വലിയ പ്രൊമോഷനുകള്‍ നടത്തിയിട്ടു പോലും പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നുവെന്ന് തിയറ്റര്‍ ഉടമകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 40-ലധികം സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും തിയറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ആയില്ല. അതിശക്തമായ ചൂടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ലോക്‌സഭ തിരഞ്ഞെടുപ്പുമൊക്കെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്കെത്തിക്കാന്‍ പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ആന്ധ്ര പ്രദേശിലെ 800-ഓളം തിയറ്ററുകള്‍ അടച്ചുപൂട്ടാനും തെലുങ്കാന എക്സിബിറ്റര്‍മാര്‍ സമീപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഏപ്രില്‍, മെയ് മാസങ്ങളില്‍ തിയറ്ററുകളില്‍ വന്‍ തിരക്കായിരുന്നു.
ഈ വര്‍ഷമാണ് തിയറ്ററുകളിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചത്. തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചെലവേറിയ കാര്യമാണ്. പ്രേക്ഷകരില്ലാതെ തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകുമെന്ന് തെലങ്കാനയിലെ എക്സിബിറ്റേഴ്സ് ആന്‍ഡ് കണ്‍ട്രോളേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയേന്ദര്‍ റെഡ്ഡി പറഞ്ഞു. അതേസമയം നിരവധി ചിത്രങ്ങളാണ് തെലുങ്കില്‍ റിലീസിനായി തയ്യാറെടുക്കുന്നത്. പ്രഭാസ് ചിത്രം കല്‍ക്കി, അല്ലു അര്‍ജുന്റെ പുഷ്പ 2, കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2, റാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചര്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിനുള്ളത്.
