ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി. സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പാസായത്. നാല് സിപിഎം അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അഞ്ചിനെതിരെ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്. പ്രസിഡന്റ് രാജേന്ദ്രകുമാറും മറ്റു 4 സിപിഎം അംഗങ്ങളും എതിര്‍ത്തു വോട്ട് ചെയ്തു. അവിശ്വാസം പാസായതോടെ പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പഞ്ചായത്ത് അംഗത്വം രാജിവച്ചു. രാമങ്കരിയില്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎമ്മാണ് ഭരിച്ചിരുന്നത്. 13 അംഗ പഞ്ചായത്തില്‍ സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് നാലും അംഗങ്ങളാണുള്ളത്. ഇതില്‍ എട്ടുപേരാണ് അവിശ്വാസത്തെ അനുകൂലിച്ചത്. കുട്ടനാട്ടിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയ പ്രശ്നമാണ് ഭരണം നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. വിഭാഗീയത രൂക്ഷമായതോടെ 300 ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് പോയിരുന്നു. ഏറെനാളായി രാജേന്ദ്ര കുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു.
രാജേന്ദ്രകുമാറിന്റെ ഒത്താശയോടെയായിരുന്നു ഇതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം അവിശ്വാസം കൊണ്ടുവന്നതു പാര്‍ട്ടി അറിഞ്ഞല്ലെന്നും നോട്ടിസ് നല്‍കിയ അംഗങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
