ചടുലതയാര്‍ന്ന താളത്തിനൊപ്പം നാടന്‍പാട്ടിന്റെ ഈരടികളുമായി സദസ്സിലെ ആസ്വാദകരെ ത്രസിപ്പിക്കാന്‍ ഇനി രതീഷില്ല. തെക്കേ വാവന്നൂര്‍ തിരുവരങ്കന്‍ ഫോക് അക്കാദമിയുടെ നെടുംതൂണായിരുന്നു കുളപ്പുള്ളിയിലെ വാഹനാപകടത്തില്‍ പൊലിഞ്ഞ കെ രതീഷ് തിരുവരങ്കന്‍. 20 പേരടങ്ങുന്ന കലാസമിതി നാടന്‍ പാട്ടുകളും ദൃശ്യവിസ്മയവുമായി വലുതും ചെറുതുമായി 2,500 സ്റ്റേജുകളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ രതീഷിന്റെ ശിക്ഷണത്തില്‍ നാടന്‍പാട്ട് പഠിക്കുന്നുണ്ട്. കോട്ടായിയിലാണ് രതീഷ് അവസാനമായി പരിപാടി അവതരിപ്പിച്ചത്. 16ന് വടക്കഞ്ചേരിയില്‍ പരിപാടി ഏറ്റിരുന്നു.
20 വര്‍ഷമായി നാടന്‍പാട്ടുരംഗത്തുള്ള രതീഷിന് കേരള സാംസ്‌കാരികവകുപ്പിന്റെ വജ്രജൂബിലി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ഫോക്‌ലോര്‍ പുരസ്‌കാരം, വേദവ്യാസ പുരസ്‌കാരം, കലാഭവന്‍മണി ഓടപ്പഴം പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക, ചെണ്ട എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നാടന്‍ കലാപരിശീലനം നല്‍കുന്നതിനായി വിവിധ പരിശീലന, പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രതീഷ് മരണപ്പെട്ടത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു രതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ. എതിരേവന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യ: ശരണ്യ. മക്കള്‍: ആദിമയ, ആദിഷ്. സഹോദരന്‍: ജയന്‍.
