ഇടുക്കി: പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇടുക്കി, ഇരട്ടയാറിലാണ് സംഭവം. വീട്ടുകാര്‍ രാവിലെ ജോലിക്കു പോയതായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടി വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച 11 മണിയോടെ മാതൃസഹോദരി വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവിവരമറിഞ്ഞ് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. സംഭവത്തിന് പിന്നില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.
