കണ്ണൂര്‍: പാനൂര്‍ വള്ള്യായി സ്വദേശി വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. ജീവപര്യന്തത്തിന് പുറമെ പത്ത് വര്‍ഷം അധികതടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. തലശേരി അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. കേസിലെ ഏക പ്രതിയായ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞു. വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 73 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഇരുതലമൂര്‍ച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം നടന്ന് ഒരുവര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ കേസില്‍ വിചാരണ ആരംഭിച്ചിരുന്നു. മരണശേഷം ശരീരം കുത്തിപ്പരുക്കേല്‍പ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 29 മുറിപ്പാടുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ 10 എണ്ണം മരണശേഷം സംഭവിച്ചതാണ്.
2022 ഒക്ടോബര്‍ 22നാണ് യുവതിയെ കഴുത്തറത്തുകൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചത്. വീട്ടുകാര്‍ ഇല്ലാത്ത സമയമായിരുന്നു പ്രതി കൃത്യത്തിനായി തിരഞ്ഞെടുത്തത്. വീട്ടിലെത്തി വിഷ്ണുപ്രിയയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുക്കുകയായിരുന്നു.
മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിനു രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
കൊല നടന്ന സമയത്ത് വീഡിയോ കോളില്‍ ഉണ്ടായിരുന്ന പൊന്നാനിയിലുള്ള സുഹൃത്താണ് കേസിലെ നിര്‍ണായക സാക്ഷി. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയാണ് കൊലയ്ക്ക് പ്രചോദനമായതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണ്ണായകമായി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.
