മലപ്പുറം: കാര്‍ ചെളിയില്‍ താഴ്ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴി മധ്യേ രോഗി മരിച്ചു. മലപ്പുറം, വളാഞ്ചേരി, തിണ്ടലത്തുണ്ടായ ദാരുണ സംഭവത്തില്‍ കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. വീട്ടില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സെയ്താലിയെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. യാത്രാമധ്യേ തിണ്ടലയിലെത്തിയപ്പോള്‍ കാര്‍ ചെളിയില്‍ താഴുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കാറിന് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ സെയ്താലിയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച സ്ഥലത്താണ് മഴയെ തുടര്‍ന്ന് ചെളിക്കെട്ട് രൂപം കൊണ്ടത്. സെയ്താലിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാര്‍ താഴ്ന്ന സ്ഥലത്ത് വാഹനങ്ങള്‍ മുങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
