ലക്‌നോ: ഉത്തര്‍പ്രദേശില്‍ നൂഡില്‍സ് കഴിച്ചതിന് തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരന്‍ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരന്‍പൂരിലാണ് സംഭവം. രോഹന്‍ എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച ചോറും നൂഡില്‍സും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും അതേ രാത്രി വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായ രോഹന്‍ മരിച്ചത്. സഹോദരന്‍ വിവേകിനുംഅസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മറ്റു നാലുപേരുടെ നില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
