കരമന അഖിലിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. അഖിൽ എന്ന അപ്പുവാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണത്തിലാണ് കേരള പൊലീസ്. ഗൂഢാലോചനയിൽ പങ്കുള്ള 3 പേരും പിടിയിലായിട്ടുണ്ട്. ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അഖിലിന്റെ കൊലപാതകത്തിലെ പ്രതികളുടെ പങ്ക് പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയെന്നും, കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണെന്നും പൊലീസ് പറയുന്നു. അപ്പു എന്ന അഖിലിനെ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് പിടിയിലായ കിരൺ ആണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ പിടിയിലായത് അഞ്ച് പ്രതികളാണ്. കേസിൽ നേരിട്ട് പങ്കുള്ള രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. വിനീഷ്, സുമേഷ് എന്നിവരാണ് ഒളിവിൽ
അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അനീഷിനെ പൊലീസ് ഞായറാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പ്രതികൾ സഞ്ചരിച്ച കാറും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും. അഖിലുമായി തർക്കമുണ്ടായ ബാറിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കേസിൽ നേരിട്ട് ഉൾപ്പെട്ട നാല് പ്രതികളെയും പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. പ്രതികളെ സഹായിച്ചവർ എന്ന് കരുതപ്പെടുന്ന ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെയും വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് റോഡരികിൽ വെച്ച് അഖിലിനെ മൂന്ന് പേർ അടങ്ങുന്ന സംഘം അടിച്ചു വീഴ്ത്തിയും കല്ലിട്ടും കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. പിടിയിലായവർ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
