മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ(26,342 സൗദി റിയാല്‍) മോഷ്ടിച്ചതായി പരാതി. ഉംറ തീര്‍ഥാടക സംഘം ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിന്റെ ബാഗില്‍ നിന്ന് ആരോ കറന്‍സി മോഷ്ടിച്ചെന്ന് ഉംറ തീര്‍ഥാടക സംഘം തലവന്‍ അഹമ്മദ് ഇഖ്ബാലിന്റെ ഭാര്യ ബജ്പെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അഹമ്മദ് ഇഖ്ബാലും മറ്റ് 35 അംഗങ്ങളും മെയ് ഒന്നിനാണു ജിദ്ദ വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്നു കറന്‍സി അടങ്ങിയ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. സിഐഎസ്എഫിനൊപ്പം മംഗളുരു വിമാനത്താവളത്തില്‍ ഒരു റൗണ്ട് സിസിടിവി പരിശോധന നടത്തിയിട്ടുണ്ട്. ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ബാഗ് കയറ്റിയിരുന്നു. അതിനാല്‍ മുംബൈ, ജിദ്ദ വിമാനത്താവളങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അവസാന ലക്ഷ്യസ്ഥാനത്ത് ബാഗ് ലഭിച്ചപ്പോള്‍ മാത്രമാണ് പണം നഷ്ടമായത് മനസിലായത്. മുംബൈയിലോ ജിദ്ദയിലോ ഉള്ള മറ്റ് രണ്ട് വിമാനത്താവളങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഇത് നഷ്ടപ്പെട്ടിരിക്കാമെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
