സൗദി അറേബ്യയിൽ മെർസ് കൊറോണ വൈറസ് പടരുന്നു; മൂന്നുപേർക്ക് രോഗബാധ; ഒരാൾ മരിച്ചു; ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ

സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഇക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രിൽ 10നും 17നും ഇടയിലാണ് മിഡിൽ ഈസ്റ്റ് റെസ്‍പിറേറ്ററി സിൻഡ്രോം എന്ന് അറിയപ്പെടുന്ന മെർസ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് പുതിയ മെർസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും 56നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. മൂന്ന് പേ‍ർക്കും നേരത്തെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതേസമയം രോഗം സ്ഥിരീകരിച്ചവരിൽ ആരും ആരോഗ്യ പ്രവ‍ർത്തകർ അല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. റിയാദിലെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രോഗ പക‍ർച്ച ഉണ്ടായത്. ആദ്യമായി രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പുതിയ രണ്ട് കേസുകൾ കൂടി കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച മൂന്ന് പേരും സൗദി പൗരന്മാരാണ്. റിയാദിൽ താമസിക്കുന്ന 56 വയസുകാരനായ അധ്യാപകനാണ് മാർച്ച് 29ന് പനിയും ചുമയും ജലദോശവുമായി റിയാദിലെ ഒരു ആശുപത്രിയിലെത്തിയത്. ഇയാളെ പിന്നീട് വാർഡിലേക്ക് മാറ്റുകയും ദിവസങ്ങൾക്ക് ശേഷം രോഗ ലക്ഷണങ്ങൾ ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴാണ് മെ‍ർസ് സ്ഥിരീകരിച്ചത്. മറ്റ് നിരവധി രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം ഏപ്രിൽ ഏഴിന് മരണപ്പെട്ടു. രോഗി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിയപ്പോൾ അവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്കും പിന്നീട് വാർഡിലേക്ക് മാറ്റിയപ്പോൾ അടുത്ത ബെഡിലുണ്ടായിരുന്ന മറ്റൊരാൾക്കുമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇവരെ പരിചരിച്ച ആരോഗ്യ പ്രവ‍ർത്തക‍ർക്കൊന്നും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെർസ് മനുഷ്യരിലേക്ക് ബാധിക്കുന്നത് ഒട്ടകങ്ങളിൽ നിന്നാണെങ്കിലും രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമില്ല. അതുകൊണ്ടുതന്നെ ആദ്യ രോഗിക്ക് രോഗബാധ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.
പുതിയ മൂന്ന് കേസുകളോടെ ഈ വ‍ർഷം സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മെർസ് കേസുകളുടെ എണ്ണം നാലായി.
സൗദി അറേബ്യയില്‍ 2012ലാണ് ആദ്യ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 2,204 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 858 പേര്‍ മരണപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page