കണ്ണൂര്‍: ബാറില്‍ നിന്ന് മുന്തിയ ഇനം മദ്യം കഴിച്ച് കള്ളനോട്ടു നല്‍കിയ കേസിന്റെ അന്വേഷണം കണ്ണൂര്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. കള്ളനോട്ടുകേസില്‍ പിടിയിലായ ചെറുവത്തൂരിലെ മെക്കാനിക്കിന്റെ സുഹൃത്തായ യുവതി കൂടി പിടിയില്‍. അന്വേഷണത്തിന്റെ ഭാഗമായി ചെറുപുഴയില്‍ നടത്തിയ റെയ്ഡില്‍ യുവതിയുടെ വീട്ടില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ പാടിയോട്ടുചാല്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രസ്തുത യുവതിക്ക് ചെറുപുഴയിലും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡ്രൈവിംഗ് സ്‌കൂളും വ്യാപാര സ്ഥാപനവുമുണ്ട്.
കണ്ണൂരിലെ ഒരു ബാറില്‍ നിന്ന് മുന്തിയ ഇനം മദ്യം കഴിച്ച് കള്ളനോട്ട് നല്‍കിയ പയ്യന്നൂര്‍, കണ്ടോത്തെ ഷിജു (36)വിനെ അറസ്റ്റ് ചെയ്തതോടെയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ കള്ളനോട്ട് റാക്കറ്റിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
അറസ്റ്റിലായ ഷിജുവിന്റെ ഫോണില്‍ നിന്നാണ് പാടിയോട്ടുചാലിലെ യുവതിയെക്കുറിച്ചുള്ള പൊലീസിന് സൂചനകള്‍ ലഭിച്ചത്. യുവതിയുമായി ഷിജു നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും കണ്ടെടുത്തു. ഇതിനിടയിലാണ് പൊലീസ് കസ്റ്റഡിയിലായ യുവതിയെ ഏതാനും ദിവസം മുമ്പ് ചീമേനി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്ന വിവരം കൂടി പുറത്ത് വന്നത്. കാറുമായി ചീമേനിയിലെ പമ്പില്‍ എത്തി യുവതി പെട്രോള്‍ അടിച്ച ശേഷം നല്‍കിയത് 500 രൂപയുടെ കള്ളനോട്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ പമ്പുടമ യുവതിയേയും കാറിനെയും പൊലീസിന് കൈമാറി. എന്നാല്‍ കള്ള നോട്ട് കൈവശം വന്നതിന്റെ വഴികള്‍ വ്യക്തമാക്കാന്‍ യുവതി തയ്യാറാകാത്തതിനെത്തുടര്‍ന്ന് താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു. തൊട്ടു പിന്നാലെയാണ് ഷിജു കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായത്. ഷിജുവിനെ അറസ്റ്റ് ചെയ്യുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിന് പിന്നാലെ ഒരു യുവാവ് സ്ഥലത്ത് നിന്ന് മുങ്ങിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാലക്കാട് സ്വദേശിയാണ് മുങ്ങിയത്. ഇയാളാണോ കള്ളനോട്ട് ചെറുപുഴയില്‍ എത്തിച്ചതെന്ന് സംശയിക്കുന്നു. ഇയാള്‍ക്കും ഇപ്പോള്‍ പിടിയിലായ യുവതിക്കും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
