വൃദ്ധജനങ്ങളുടെ മൗന ജീവിതം

കൂക്കാനം റഹ്‌മാന്‍

വീട്ടില്‍ എല്ലാത്തരം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നവരും കഷ്ടിച്ച് ജീവിച്ചു വരുന്നവരുമായ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങളുണ്ട്. പല വിഷമങ്ങളും സ്വയമോ മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയും. പക്ഷേ ചില സംഗതികള്‍ പരിഹരിക്കാന്‍ കഴിയാത്തവയാണ്. മക്കള്‍ ഉണ്ട്. അവരെ പോറ്റി വളര്‍ത്തി വലുതാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കി. അവര്‍ ജോലി നേടി മറുനാട്ടിലോ വിദേശത്തോ കുടുംബ സമേതം ജീവിച്ചു വരുന്നു. പ്രായമായ അച്ഛനുമമ്മയും വീട്ടില്‍ തനിച്ച്. ഇത് ഇന്ന് എല്ലാ കുടുംബങ്ങളിലും അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരത്തെ സവാരിയില്‍ ഞങ്ങള്‍ കുറച്ച് വൃദ്ധജനങ്ങള്‍ പൊതു കാര്യങ്ങളെക്കുറിച്ചും വ്യക്തി കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. വ്യക്തിപരമായുള്ള വേദനകള്‍ പരസ്പരം തുറന്നു പറയുന്നത് വളരെ കുറവാണ്. ഇന്നലെ കുഞ്ഞിരാമനാണ് അത് തുടങ്ങി വെച്ചത്. ഇതാ ഈ നടത്തത്തിനിടയില്‍ മാത്രമാണ് അല്‍പമെങ്കിലും വായ തുറന്ന് സംസാരിക്കാന്‍ പറ്റുന്നത്. വീട്ടിലെത്തിയാല്‍ മൗനം തന്നെയാണ്. ഞാനും ഭാര്യയും മാത്രമെ വീട്ടിലുള്ളു. ഞങ്ങള്‍ തമ്മില്‍ വിരോധമൊന്നുമില്ല. പക്ഷേ ഒന്നും സംസാരിക്കാറില്ല. വിഷയം ഇല്ലാത്തതു കൊണ്ടു തന്നെ. അവള്‍ക്കും ഒന്നും പറയാനുണ്ടാവില്ല. രണ്ടാളും വെറുതെ ഇരിക്കും. ചുരുക്കി പറഞ്ഞാല്‍ ജീവിതത്തില്‍ മടുപ്പു തോന്നുന്നു. ടെലിവിഷന്‍ കാണുന്നതും ഇഷ്ടമില്ലാതായി. മൊബൈലില്‍ കളിക്കുന്നതും മടുപ്പു തോന്നിത്തുടങ്ങി. അല്‍പസമയം ഇത് രണ്ടും ഉപയോഗപ്പെടുത്തിയാലും വായതുറന്ന് സംസാരമില്ലല്ലോ?
ഇത് ശ്രദ്ധിച്ചിരുന്ന ബാലകൃഷ്ണന്‍ പറഞ്ഞത്. യുവത്വ കാലത്ത് അല്‍പം പൂസായിട്ടാണ് വീട്ടിലെത്തുക. ഹാര്‍ട്ട് അറ്റാക്ക് വന്നതോടെ അതും നിര്‍ത്തി. കള്ളു മോന്തുന്ന കാലത്ത് അവള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ പ്രതികരിക്കും. മറുത്തു പറഞ്ഞാല്‍ അടി പൊട്ടിക്കും. അക്കാലം കഴിഞ്ഞു. വയസ്സു കൂടി. വീട്ടില്‍ വഴക്കും വക്കാണവുമൊന്നുമില്ല. ശാന്തം പാപം. ഞങ്ങളും മൗനത്തില്‍ തന്നെ.
സഹനടത്തക്കാരനായ പ്രഭാകരനും അഭിപ്രായം മറ്റൊന്നില്ല. പക്ഷേ ടി.വി കാണുന്ന കാര്യത്തില്‍ പരസ്പരം വഴക്കടിക്കും. അവള്‍ക്ക് സിനിമയും മറ്റും കണ്ടാല്‍ മതി. എനിക്കാണെങ്കില്‍ വാര്‍ത്ത, ചര്‍ച്ച ഇതൊക്കെയാണിഷ്ടം. രണ്ടാള്‍ക്കും കോപം വരും. പിന്നെ രണ്ടാളും മൗനത്തിലാവും.
വീട്ടകങ്ങളില്‍ ഭക്ഷണമുണ്ടാക്കുക, ഭക്ഷണം കഴിക്കുക എന്നീ രണ്ടു പ്രക്രിയകളെ നടക്കുന്നുള്ളു. സന്ധ്യ മയങ്ങിയാലാണ് വീട് നിശബ്ദമാകുന്നത്. വൃദ്ധരുടെ ഈ നിസ്സഹായതയ്ക്ക് വല്ല പരിഹാരമുണ്ടോ വായനക്കാരാ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page