കണ്ണൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു ഇരിക്കൂറിലുള്ള ക്ഷേത്രത്തില്‍ നടന്‍ ദര്‍ശനത്തിനായി എത്തിയത്. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു നടന്‍ മോഹന്‍ലാല്‍. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി.
ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ മറികൊത്തല്‍ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ കാറില്‍ മടങ്ങിയത്. ജീവിതവിഘ്നങ്ങളെ നാളികേരത്തില്‍ സങ്കല്‍പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവച്ച് വിഘ്നനിവാരണാര്‍ഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറികൊത്തല്‍ അഥവാ മറിസ്തംഭം നീക്കല്‍. കഴിഞ്ഞ മാസം കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലും താരം ദര്‍ശനം നടത്തിയിരുന്നു. ഷൂട്ടിങ് തിരക്കിനിടയില്‍ നിന്നും ദേവിയെ ദര്‍ശിക്കാനെത്തിയ താരത്തെ കണ്ട മറ്റ് തീര്‍ത്ഥാടകരും ഞെട്ടി.
അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഓണം റിലീസായി സെപ്റ്റംബര്‍ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
