കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളത്ത് തിങ്കളാഴ്ച രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭര്‍ത്താവ് ശ്രീജുവും (40) മകന്‍ ശ്രീരാഗും (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. കടബാദ്ധ്യതയാണ് കൊലയ്ക്കും ആത്മഹത്യാശ്രമത്തിനും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പ്രീത പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു. ശ്രീനന്ദ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ത്ഥിയും. ശ്രീജു ഭാര്യയ്ക്കും മക്കള്‍ക്കും വിഷം കൊടുത്തതിനുശേഷം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ശ്രീജുവും കുടുംബവും രാവിലെ കതക് തുറക്കാത്തതിനെത്തുടര്‍ന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഉടന്‍തന്നെ നാലുപേരെയും ആശുപത്രിയിലെത്തിച്ചു. പ്രീതയും ശ്രീനന്ദയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നും ശ്രീജുവിനും ശ്രീരാഗിനും ജീവനുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും. ശ്രീജുവിന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
