സ്ത്രീധനം എന്ന വിപത്ത്

നാരായണന്‍ പേരിയ

‘കന്യാധനം കൈമുതല്‍ അന്യനുള്ളതൊന്നാണ്.’ സംസ്‌കൃതത്തില്‍ പറഞ്ഞാല്‍, ”അര്‍ത്ഥോഹി കന്യാ പരകീയ”, കന്യക എന്ന സമ്പത്ത് അന്യന് അവകാശപ്പെട്ടതാണ്. ആ സമ്പത്ത് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍വഥാ യോഗ്യനായ ഒരാള്‍ എത്തുന്നത് വരെ പിതാവ് സൂക്ഷിക്കും. ആള്‍ എത്തിയാല്‍ അയാള്‍ക്ക് കൈമാറും. കണ്വമഹര്‍ഷിയുടെ വാക്കുകളാണ്. (മഹാകവി കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ നാടകത്തില്‍ നിന്ന് ഉദ്ധരിച്ചത്.)
‘കന്യാധനം’ കന്യകയുടെ സമ്പത്ത്. അഥവാ കന്യകക്ക് അവകാശപ്പെട്ട ധനം. കന്യകയുടെ കുടുംബസ്വത്തില്‍ അവള്‍ക്ക് അവകാശപ്പെട്ട പങ്ക്. അങ്ങനെയും അര്‍ത്ഥം പറയാം. അതില്‍ മറ്റാര്‍ക്കും അധികാരമോ അവകാശമോ ഇല്ല എന്നും.
എന്നാല്‍ ആ കന്യക മറ്റൊരാളുടെ ‘പരിഗ്രഹം’ മറ്റൊരാളാല്‍ പരിഗ്രഹിക്കപ്പെട്ടവള്‍-ആകുന്നതോടെ, അവള്‍ക്കുള്ളതെല്ലാം അയാളുടേതും, അയാളുടെ കുടുംബത്തിന്റേതും ആകുമോ? ‘ആകും’ എന്നാണ് പലരുടെയും തോന്നല്‍. അവര്‍ ആ മുതലെടുത്ത് തന്നിഷ്ടം നടത്തും. പിന്നീട് ആ മുതലിന്റെ നേരവകാശി തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാലും മടക്കിക്കൊടുക്കുകയില്ല. ഈ മര്യാദകേട് അനുവദിച്ചുകൂട. അത് അന്യായമാകയാല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. നമ്മുടെ അത്യുന്നത നീതിപീഠം-സുപ്രിം കോടതി-പറയുന്നു.
കോടതിയുടെ പരിഗണനക്കെത്തിയ കേസിന്റെ ചരിത്രം ചുരുക്കിപ്പറയാം: 2009ല്‍ കേരളത്തില്‍ നടന്ന ഒരു വിവാഹം. വധുവിന്റെ വീട്ടുകാര്‍ വധുവിന് എണ്‍പത്തൊമ്പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ നല്‍കി. കള്ളന്മാര്‍ വിളയാടുന്ന കാലമല്ലേ? സുരക്ഷിതമായി സൂക്ഷിച്ചുവെക്കാം എന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. സാധാരണ നടക്കാറുള്ളത് തന്നെ. ഒരു മുന്‍കരുതല്‍.
പഴയൊരു കടം വീട്ടാനുണ്ട്; തല്‍ക്കാലത്തേക്ക് ഈ സ്വര്‍ണമെടുത്ത് പണയം വെക്കാം എന്ന് ഭര്‍തൃമാതാവ് പറഞ്ഞപ്പോള്‍ വധു സമ്മതിച്ചു. എന്നാല്‍, സ്വര്‍ണം മടക്കിക്കൊടുക്കാനുള്ള ഭാവമേ ഇല്ല. കാലാന്തരത്തില്‍ ബന്ധം ശിഥിലമായി. വേര്‍പിരിഞ്ഞു എന്ന് തന്നെ പറയാം. സ്വര്‍ണം തിരികെ ചോദിച്ചു; കൊടുത്തില്ല. പരാതി കുടുംബ കോടതിയിലെത്തി. 2009ല്‍ ആയിരുന്നു വിവാഹം നടന്നത്. എണ്‍പത്തൊമ്പത് പവന്‍ സ്വര്‍ണം കൈമാറിയത് അപ്പോഴാണ്. ആ സ്വര്‍ണം-അല്ലെങ്കില്‍ അതിന്റെ വില കൊടുക്കണം-ഇരുപത്തഞ്ചു ലക്ഷം രൂപ എന്ന് കുടുംബകോടതി 2011ല്‍ ഉത്തരവിട്ടു. അത് സ്വീകരിക്കാതെ ഭര്‍തൃവീട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഭര്‍തൃവീട്ടുകാര്‍ ദുരുപയോഗം ചെയ്തതായി തെളിയിക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞ് ഹൈക്കോടതി കുടുംബകോടതിയുടെ വിധി റദ്ദാക്കി. തുടര്‍ന്ന് എതിര്‍കക്ഷി സുപ്രിം കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കൂര്‍ മേത്ത എന്നിവരുടെ ബെഞ്ച് കേസ് പരിഗണിച്ച് പറഞ്ഞത്: ‘ഹൈക്കോടതിയുടെ വിധി പൂര്‍ണ്ണമായും തെറ്റ്. വസ്തുക്കള്‍ ശരിയായി വിലയിരുത്തുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. വിവാഹ വേളയില്‍ വധുവിന് സ്വന്തം വീട്ടുകാര്‍ നല്‍കുന്ന സ്വത്ത് അവള്‍ക്കായി മാത്രം അവകാശപ്പെട്ടതാണ്. ഭര്‍തൃവീട്ടുകാര്‍ക്ക് അവകാശപ്പെട്ടതല്ല. ഭര്‍ത്താവിന് പോലും അതില്‍ അവകാശമില്ല. അവര്‍ അന്യായമായി കൈയടക്കി വെച്ചിരിക്കുന്ന സമ്പത്ത് മടക്കിക്കൊടുക്കണം’.(പത്രവാര്‍ത്തകള്‍ അവലംബം. മാതൃഭൂമി 26.4.2014, കേരള കൗമുദി മുഖപ്രസംഗം 27.4.2024)
ഹൈക്കോടതി ജഡ്ജി വസ്തുക്കള്‍ ശരിയായി വിലയിരുത്തിയില്ല എന്ന് മാത്രം പറഞ്ഞാല്‍ പോര; അദ്ദേഹത്തിന്റെ നീതിബോധം ദയനീയമാംവിധം പരിമിതമാണ് എന്നും പറയണം. ഭര്‍തൃവീട്ടുകാര്‍ സ്വര്‍ണം ദുരുപയോഗം ചെയ്തു എന്നതിന് തെളിവില്ലത്രേ! എന്ത് തെളിവാണ് കൊടുക്കേണ്ടത്? നാല് സാക്ഷികളെ ചുറ്റും നിര്‍ത്തിയിട്ട് വേണമായിരുന്നു സ്വര്‍ണം ഊരിവാങ്ങാനും പിന്നീട് പണയം വെക്കാനും എന്നാണോ ഹൈക്കോടതി പറയുന്നത്? ഹൈക്കോടതി ജഡ്ജി എന്ന പദവിയില്‍ തുടരാന്‍ അര്‍ഹനല്ല അദ്ദേഹം. ഉന്നത നീതി പീഠത്തിലേക്ക് അപ്പീല്‍ ബോധിപ്പിക്കാനാവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തവരുടെ ദുരവസ്ഥ മനസ്സിലാക്കണം.
സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്-1961ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം അഞ്ചുവര്‍ഷം തടവും 15,000 രൂപയില്‍ കുറയാത്ത പിഴയുമാണ് സ്ത്രീധനം വാങ്ങിയാലുള്ള ശിക്ഷ. 1976ലും 1983ലും പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ നാനാവിധത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനുദ്ദേശിച്ച് ചെയ്ത നിയമ പരിഷ്‌കരണങ്ങളും ഭേദഗതികളുമാണ്. പക്ഷെ, നേരത്തെ പരാമര്‍ശിക്കപ്പെട്ട ഹൈക്കോടതി ജഡ്ജിയെപ്പോലുള്ളവരുടെ മുമ്പാകെയാണ് പരാതി എത്തുന്നതെങ്കില്‍!
”ധാരാളം നിയമങ്ങളുണ്ട്; നിയമരാഹിത്യങ്ങളും കൂടെത്തന്നെ” എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ നാട്ടിലെ സ്ഥിതി!

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page