ബേഡകം എസ്.ഐ വിജയന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം

കാസര്‍കോട്: എലിവിഷം അകത്ത് ചെന്ന് മരണപ്പെട്ട ബേഡകം എസ്.ഐയ്ക്ക് സഹപ്രവര്‍ത്തകരും നാട്ടുകാരും യാത്രാമൊഴി നല്‍കി. മൃതദേഹം രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാനടുക്കം പാടിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബേഡകം ഗ്രേഡ് എസ്.ഐ.യായിരുന്ന വിജയന്‍ ശനിയാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ആദ്യം പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പൊലീസ് ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ബേഡകം പൊലീസ് സ്റ്റേഷനിലെത്തിച്ച മൃതദേഹത്തില്‍ ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സിബി തോമസ്, ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐമാര്‍, പൊലീസുകാര്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, സിപിഎം ഏരിയാ സെക്രട്ടറി എം. അനന്തന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ബിജെപി മണ്ഡലം പ്രസിഡണ്ട് ഉദയന്‍ ചമ്പക്കാട്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് ധന്യ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
തുടര്‍ന്ന് മാനടുക്കം പാടിയിലെത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു.
ഏപ്രില്‍ 29ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷന് സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് വിജയന്‍ എലിവിഷം കഴിച്ചത്. വിവരമറിഞ്ഞ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും നില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എസ്.ഐയുടെ മരണത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page