മണൽ മാഫിയ സംഘം എ.എസ്.ഐ.യെ ലോറി കയറ്റി കൊലപ്പെടുത്തി. അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി തടയാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ എത്തിയ ലോറി എ.എസ്.ഐ.യെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശ് ഷാഹ് ദോൽ ജില്ലയിലെ ബിയോ ഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോളി ഹെലിപാഡിനു സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി പതിന്നൊരയോടെയുണ്ടായ നരഹത്യയിൽ എ.എസ്.ഐ. മഹേന്ദ്രപ്രതാപ് ബാഗ്രി സംഭവ സ്ഥലത്തു മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു എ.എസ്.ഐ.യും പൊലീസുകാരനും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. കൊലപാതകത്തിനു ശേഷം അമിത വേഗതയിലോടാൻ ശ്രമിച്ച ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. ഇവരെ പിന്നീട് പിടികൂടിയതായി പൊലീസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ലോറി ഉടമ സുരേന്ദ്ര സിംഗിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതേ സമയം ഞായറാഴ്ച പൊലീസും ജില്ലാധികൃതരും ചേർന്നു ലോറി ഉടമയുടെയും ഡ്രൈവറുടെയും വീടുകൾ ജെ.സി.ബി. ഉപയോഗിച്ചു തകർത്തു. അന്വേഷണം തുടരുകയാണ്.
