കൊച്ചി: കൊച്ചി പനമ്പള്ളി നഗറിനു സമീപത്ത് നവജാതശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ബലാത്സംഗത്തിനിരയായ 23 വയസ്സുള്ള യുവതിയാണ് ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ മൂന്നു മണിക്കൂറിനകം ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മാതാപിതാക്കളും യുവതിയുമാണ് ഫ്‌ളാറ്റില്‍ താമസം. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. മകളും ഇതേ മൊഴി തന്നെയാണ് പൊലീസിന് നല്‍കിയത്. പെട്ടന്നുണ്ടായ പരിഭ്രമത്തിലാണ് കുഞ്ഞിനെ കവറിലാക്കി പുറത്തേക്കെറിഞ്ഞതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ജീവനോടെയാണോ പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുളളുവെന്നു പൊലീസ് പറഞ്ഞു. യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വിശദമായ മൊഴിയെടുത്ത ശേഷം യുവതിയെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേ സമയം യുവതിയെ ആരാണ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതെന്നടക്കമുള്ള വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിച്ച് വരുന്നു