മംഗ്‌ളൂരു: വാസ്തു സംബന്ധമായ സംശയം ചോദിക്കാന്‍ പിതാവിനൊപ്പം എത്തിയ പതിനെട്ടുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ബ്രഹ്‌മാവര്‍, മട്പാടി സ്വദേശി അനന്തനായികി(51)നെയാണ് ബ്രഹ്‌മാവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടെയാണ് സംഭവം. ജോത്സ്യനായ അനന്തനായക് അറിയപ്പെടുന്ന വാസ്തുശില്‍പിയും ജലസ്രോതസുകള്‍ നിര്‍ണ്ണയിച്ചുകൊടുക്കുന്ന ആളുമാണ്. 12 വര്‍ഷമായി ബ്രഹ്‌മാവര്‍ ബസ്സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇയാള്‍ തന്റെ ജോലികള്‍ ചെയ്തിരുന്നത്. സംഭവദിവസം പിതാവും മകനും വാസ്തു സംബന്ധമായ സംശയദൂരീകരണത്തിനായി അനന്തനായികിന്റെ മുറിയിലെത്തിയതായിരുന്നു. കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയ ശേഷം പിതാവിനെ റൂമിന് വെളിയിലേക്ക് അയച്ചു. അതിന് ശേഷം മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പിതാവ് തിരിച്ചെത്തിയപ്പോള്‍ മകന്‍ ഉണ്ടായ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതും അറസ്റ്റിലായതും.
