കണ്ണൂര്‍: അമ്മയെയും മകളെയും വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളിക്കാവിലെ സുനന്ദ(78), മകള്‍ ദീപ(48) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പു നടന്ന വെള്ളിയാഴ്ചയാണ് ഇരുവരെയും ഏറ്റവും ഒടുവില്‍ അയല്‍വാസികള്‍ കണ്ടത്. അതിനു ശേഷം ആരും അമ്മയെയും മകളെയും പുറത്തു കണ്ടിരുന്നില്ല. സമീപത്ത് നിരവധി വീടുകള്‍ ഉണ്ടെങ്കിലും ഇരുവര്‍ക്കും ആരുമായും വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുനന്ദയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ദീപ അവിവാഹിതയാണ്. ഇവരുടെ ബന്ധുക്കള്‍ കര്‍ണ്ണാടക, മംഗ്‌ളൂരു സ്വദേശികളാണ്. അമ്മയുടെയും മകളുടെയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
