കല്‍പ്പറ്റ: മോഷണത്തിനിടയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വയനാട്, നെല്ലിയമ്പം, കുറുമ കോളനിയിലെ അര്‍ജുന(22)നെയാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2021 ജൂണ്‍ 10ന് രാത്രി എട്ടരമണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. റിട്ടയേര്‍ഡ് അധ്യാപകനായ നെല്ലിയാമ്പത്ത്, പത്മാലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം തടയുന്നതിനിടയില്‍ അര്‍ജുന്‍ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവന്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയുമാണ് മരിച്ചത്.
മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേരാണ് ഇരട്ടക്കൊലപാതകത്തിനു പിന്നിലെന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാഫലം പുറത്തു വന്നപ്പോഴാണ് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഒരാള്‍ മാത്രമേ ഉള്ളൂവെന്ന വിവരം അന്വേഷണസംഘത്തിനു ലഭിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ അര്‍ജുനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു ഇറങ്ങി ഓടുകയും അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് വിശദമായ അന്വേഷണത്തിലാണ് ഇരട്ടക്കൊലയ്്ക്കു പിന്നില്‍ അര്‍ജുന്‍ ആണെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.
ബംഗ്‌ളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ജോലി ചെയ്തിരുന്ന അര്‍ജുന്‍ ലോക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്. നാട്ടില്‍ കൂലിവേല ചെയ്തുകഴിഞ്ഞു വരുന്നതിനിടയിലാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
