തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കകത്ത് വന്‍ ചര്‍ച്ചക്കും വിവാദത്തിനും ഇടയാക്കിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. തിങ്കളാഴ്ച എ.കെ.ജി മന്ദിരത്തിലാണ് യോഗം ചേരുക. ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ആലോചനയാണ് പാര്‍ട്ടിയില്‍ ശക്തമായിട്ടുള്ളത്. കേന്ദ്ര നേതൃത്വത്തിലും ഇ.പി വിഷയത്തില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇടതു പക്ഷം ജീവന്മരണ പോരാട്ടമായി കരുതുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം തന്നെ ഇടത് കണ്‍വീനര്‍ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിലാണ് സിപിഎം. അതിനാല്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമെന്നാണ് സൂചന. നിലവില്‍ ഇ.പി കേന്ദ്രകമ്മിറ്റി അംഗമാണ്. അതിനാല്‍ കേന്ദ്ര നേതൃത്വവും കടുത്ത നടപടി വേണമെന്ന നിലപാടിലാണെന്നാണ് സൂചന.
