‘അതിരേത്’ -നോവല്‍

ഭാഗം.1

കൂക്കാനം റഹ്‌മാന്‍

ഓട് പാകിയ ആ ചെറിയ വീടിന്റെ നാലാമത്തെ വരിയിലെ ജനാല ചിലപ്പോ ഈ നേരമായിട്ടും അടഞ്ഞു കാണില്ല. ഇടക്കിടെ തുണിയുടെ കോന്തല കൊണ്ട് കണ്ണ് അമര്‍ത്തി തുടച്ച് മെലിഞ്ഞുണങ്ങിയ ആ സ്ത്രീ രൂപം ആരെയോ പ്രതീക്ഷിക്കുന്നത് പോലെ വഴിവക്കിലേക്ക് കണ്ണോടിക്കുന്നുണ്ടാകും.
ഉമ്മയുടെ അഞ്ചുമക്കളിലെ ഏറ്റവും ഇളയവമായിരുന്നു ഞാന്‍. എനിക്ക് മുകളില്‍ നാല് പെങ്ങന്മാര്‍. പിറന്നുവീണത് സ്വര്‍ണക്കരണ്ടിയിലേക്കാണെന്നത് പോലെ ഞാന്‍ പിറന്നുവീണത് തന്നെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാത്ത ബാല്യം. വീടെന്ന് പറയാന്‍ ഓടുമേഞ്ഞ ഒരു ഷെഡ്ഡ്. എങ്കിലും ഒരേയൊരു ആണ്‍തരിയെന്ന പേരില്‍ ലാളിച്ചും, കൊഞ്ചിച്ചുമായിരുന്നു എന്നെ ഉമ്മ വളര്‍ത്തിയിരുന്നുത്.
ഒരു മണിയരി കൊണ്ട് ആറുവയര്‍ എങ്ങനെ പുലര്‍ത്തുമെന്നായിരിക്കാം എന്റെ ഉമ്മ ഏറ്റവും കൂടുതല്‍ സ്വയം ചോദിച്ചു പോയ ചോദ്യമെന്ന് ഇപ്പോയെനിക്ക് തോന്നുന്നു. അഞ്ചാം ക്ലാസ് വരെ സ്‌കൂളിലെ പഠനം തട്ടിയും മുട്ടിയും ഞാന്‍ കൊണ്ട് പോയിരുന്നു.
പിന്നെ ഉണ്ണാനുമുടക്കാനും ഇല്ലാത്തതിന്റെ പേരില്‍ കൂട്ടുകാരില്‍ നിന്നും പഠിപ്പിക്കുന്ന അധ്യാപകരില്‍ നിന്ന് പോലും അപമാനിതനാകേണ്ടി വന്നപ്പോ ഞാനതങ്ങ് ഉപേക്ഷിച്ചു. കീറിപ്പറഞ്ഞ ട്രൗസറും പൊട്ടിപ്പൊളിഞ്ഞ സ്ലൈറ്റും എനിക്കെന്നും അപമാനം മാത്രമായിരുന്നു. അത്രയും കാലം പിടിച്ചു നിന്നത് തന്നെ ഒരു നേരത്തെങ്കിലും വയററിഞ്ഞു വല്ലതും കഴിക്കാലോയെന്ന് പ്രതീക്ഷയിലായിരുന്നു.
പക്ഷേ വിശപ്പിനേക്കാള്‍ വേദന അവഗണനകള്‍ക്കുണ്ടെന്ന് തോന്നിയപ്പോള്‍ അത് വേണ്ടാന്ന് വെക്കാന്‍ കൂടുതലൊന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. ചെറുതാണെങ്കിലും സ്വന്തം ആത്മാഭിമാനം വ്രണപ്പെടുന്നതിലും ഭേദം പട്ടിണിയാണെന്ന് ഞാനങ്ങ് തീരുമാനിച്ചു. വലിച്ചെറിഞ്ഞ പുസ്തക സഞ്ചിയിലേക്ക് നിരാശയോടെ നോക്കിയിരുന്നപ്പോ തെക്കേലെ നാണുവേട്ടനാണ് എന്റെ കയ്യും പിടിച്ചു അന്നാ മൊട്ടകുന്ന് കയറിയത്.
കപ്പത്തണ്ടിന് തടം കൂട്ടലും കിളക്കലുമൊക്കെയായിരുന്നു ജോലി. നാലോ അഞ്ചോ ദിവസം കഴിയുമ്പോ ഒന്നോ രണ്ടോ ഉറുപ്പിക കയ്യില്‍ വെച്ച് തരും. അതും കൊണ്ട് ഉമ്മാനെ കാണാന്‍ കുന്നിറങ്ങി ഒരു വരവുണ്ട്. വീടിന്റെ വാതിക്കല്‍ എന്റെ തല വെട്ടം കാണുമ്പോള്‍ തന്നെ കണ്ണീരിന്റെ അകമ്പടിയോടെ ഉമ്മ മൂക്ക് ചീറ്റി തുടങ്ങും.
പണ്ടെങ്ങോ വീട്ടിലേക്ക് കയറി വന്ന ഫക്കീറുപ്പാപ്പ എന്റെ തലയില്‍ കൈ വെച്ച് പറഞ്ഞ കഥ പറഞ്ഞാവും കരച്ചില്‍ മുഴുവന്‍. ഔലിയാര്‍ പള്ളിയുടെ കുന്നിറങ്ങി കൊല്ലത്തിലൊരിക്കല്‍ ഫക്കീറുപ്പാപ്പ ഞങ്ങളുടെ നാട്ടിലിറങ്ങുമത്രേ.
വീടായ വീടെല്ലാം കയറിയിറങ്ങി ദഫ് മുട്ടി ബദറീങ്ങളുടെ പാട്ട് പാടിയാവും വരവ്.
ഉള്ളാളത്തേക്കുള്ള നേര്‍ച്ച പണം തേടലാണത്രെ വരവിന്റെ ഉദ്ദേശം. വസൂരി മാറാനും, മാറാരോഗത്തിനുള്ള നേര്‍ച്ചയായുമൊക്കെ ഉള്ളാളം പള്ളിയിലേക്ക് ഒരു വക മാറ്റിവെക്കല്‍ അന്ന് ഉമ്മമാര്‍ക്കിടയില്‍ പതിവുള്ളതാണ്. ദീനം പറഞ്ഞ്, ആവലാതികളും വേവലാതികളും പറഞ്ഞ് ഫക്കീറുപ്പാപ്പന്റെ കയ്യില്‍ ആളുകള്‍ അവിടെത്തെക്കുള്ള പണം കൊടുത്തു വിടും. കാല്‍ നടയായി ചെന്ന് ഉപ്പാപ്പ സങ്കടങ്ങളോടൊപ്പം ആ പണം അവിടെ ഏല്‍പ്പിക്കും. അങ്ങനെയൊരിക്കല്‍ കടന്നുവന്ന ഫക്കീറുപ്പാപ്പനോട് ആവലാതികളുടെ നീണ്ട നിര നിരത്തിയപ്പോ എന്റെ തലയില്‍ കൈ വെച്ച് ഉപ്പാപ്പ, ഉയമ്മയോട് പറഞ്ഞത്രേ ഞാന്‍ വലിയവനാകുമെന്ന്.
ആ വലിയവനാണ് ഇപ്പോ കുന്നില്‍ മുകളില്‍ കപ്പ കിളക്കുന്നത്. ഓര്‍ക്കുമ്പോള്‍ എനിക്ക് ചിരിയും ഉമ്മാക്ക് കരച്ചിലും വരും. എങ്കിലും തല അല്‍പം പൊങ്ങുന്നത് വരെ എങ്ങനെയൊക്കയോ ഞാനവിടെ പിടിച്ചു നിന്നു. എങ്ങനെയെങ്കിലും ഈ നാട് കടക്കണം അതായിരുന്നു ലക്ഷ്യം. നാണുവേട്ടന്‍ തരുന്ന രണ്ടു റുപ്പികയില്‍ നിന്നും ഒരു ഉറുപ്പിക ആരും കാണാതെ മണ്ണിനടിയില്‍ കുഴിച്ചിടുക എനിക്ക് പതിവായിരുന്നു. നാട് കടക്കലിന് വേണ്ടി സ്വരുകൂട്ടി വെച്ചതാണ് മണ്ണിനടിയിലെ ആ പണം.പക്ഷെ അതൊന്നിനും തികയില്ലെന്ന് ഉറപ്പായിരുന്നു. പിന്നെ ഇളയുമ്മാക്ക് കല്യാണത്തിന് പോകാന്‍ മാല വേണമെന്ന് പറഞ്ഞെന്ന് കള്ളം പറഞ്ഞ് ഉമ്മയുടെ കഴുത്തിലെ നൂല് പോലെയുള്ള സ്വര്‍ണ്ണ മാലയും വാങ്ങി ആ വീടിന്റെ പടിയിറങ്ങുമ്പോ ഉള്ളില്‍ നിറയെ ഒരായിരം സ്വപ്നങ്ങളായിരുന്നു. നല്ലൊരു ജോലി, ഉമ്മയ്ക്കും പെങ്ങന്മാര്‍ക്കും വയറു നിറച്ച് ഉണ്ണാന്‍ ഒരല്‍പം കൂടുതല്‍ അരി അങ്ങനെ പലതും ആ സ്വപ്നത്തിലുണ്ട്. എങ്കിലും വാതില്‍ പടിയില്‍ നിന്ന് ഒന്നുമറിയാതെ എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഉമ്മയുടെ രൂപം എന്നെ ഒന്ന് വേദനിപ്പിച്ചിരുന്നെങ്കിലും കുടിയേറ്റക്കാരുടെ സ്വപ്നനഗരമായ മുംബൈയെ കുറിച്ചോര്‍ത്തപ്പോ ആ വേദന പതിയെ വരാനിരിക്കുന്ന നല്ല നാളകള്‍ക്കുള്ള പ്രതീക്ഷയായി മാറി.
പയ്യന്നൂരില്‍ നിന്ന് അന്ന് രാത്രി ബോബയിലേക്കുള്ള ബസ്സ് കയറുമ്പോ കയ്യില്‍ ബാക്കിയുണ്ടായിരുന്നത് പതിമൂന്ന് ഉറുപ്പികയാണ്. സ്വര്‍ണ്ണം വിറ്റതും സ്വരൂപ്പിച്ചതുമെല്ലാം ബസ്സുകാരന്‍ കൂലിയെന്ന പേരില്‍ കൈകലാക്കി. എങ്കിലും പ്രതീക്ഷ കൈ വിട്ടില്ല. കേട്ട് കേള്‍വിയിലെ ആ മഹാ നഗരത്തിന്റെ പ്രൗഢഗംഭീരത്തില്‍ എന്റെ മനസ്സ് ആഹ്ലാദിച്ചുകൊണ്ടിരുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത, തെക്കേലെ ബീരാന്‍കുട്ടി മണിമാളിക തീര്‍ത്തത് ബോംബെയിലെ തെരുവുകളില്‍ നിന്നാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം നാണുവേട്ടന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.
ആ പറച്ചിലാണ് ബോംബെയെ എനിക്ക് മുന്നില്‍ മഹാദ്ഭുതവുമായത്. പൊന്ന് വിളയുന്ന തെരുവ്, അതായിരുന്നു എന്റെ മനസ്സ് നിറയെയുള്ള ബോംബെയുടെ ചിത്രം. പിറ്റേന്ന് ഞാന്‍ കണ്ണ് തുറന്നത് ബോംബെ എന്ന മഹാ നഗരത്തിന്റെ ഒത്ത നടുവില്‍ നിന്നായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന പലരും തിരക്കിട്ട് ഇറങ്ങുന്നുണ്ട്. പക്ഷേ കയ്യിലെ 13 രൂപ ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ ഞാന്‍ എങ്ങോട്ട് പോകുമെന്നത് ഒരു വലിയ ചോദ്യമായി എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒരു നേരത്തെ ഭക്ഷണത്തിന് തികയുമായിരിക്കും.പിന്നെയെന്ത് ഒരു പിടിയുമില്ല. ആ അന്താളിപ്പില്‍ നിന്ന് പുറത്ത് കടക്കാനാവാതെ പകച്ചു നില്‍ക്കുന്ന എന്റെ തോളില്‍ പെട്ടെന്നാരോ ഒന്ന് തൊട്ടു. ‘എന്തേ ഇറങ്ങുന്നില്ലേ..’ അപരിചിതനായ ആ മനുഷ്യന്റെ ചോദ്യത്തിന് പോലും ഉത്തരം നല്‍കാന്‍ എനിക്കായില്ല. എങ്കിലും അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് ആ ബസ്സില്‍ നിന്നും ഞാനിറങ്ങി. അദ്ദേഹം എന്നെയും കൊണ്ട് നേരെ പോയത് മുന്നില്‍ക്കണ്ട ഒരു വലിയ ഹോട്ടലിലേക്കായിരുന്നു. അപ്പോഴും അദ്ദേഹമെന്നോട് ഒന്നും ചോദിച്ചില്ല ഞാന്‍ പറഞ്ഞതുമില്ല. എങ്കിലും ആ മനുഷ്യനെനിക്ക് വയറു നിറയെ ആഹാരം വാങ്ങി തന്നു. ചിലപ്പോള്‍ എന്നും കാണുന്ന കുടിയേറ്റക്കാരില്‍ ഒരാള്‍ മാത്രമായിരിക്കും ഞാനദ്ദേഹത്തിന്.
ഭക്ഷണം കഴിപ്പ് കഴിഞ്ഞ് ഞാനാ മനുഷ്യനോടൊപ്പം തന്നെ ആ തെരുവിലേക്കിറങ്ങി.എന്റെ കുഗ്രാമമല്ലാതെ മറ്റൊരു പട്ടണമോ നഗരമോ ഞാന്‍ കണ്ടിട്ടില്ല. ഇറങ്ങിപ്പുറപ്പെട്ടുയെന്നല്ലാതെ ഈ നഗരത്തെ കുറിച്ചെന്നല്ല മറ്റൊരു നഗരത്തെ കുറിച്ചും എനിക്കൊരു ചുക്കുമറിയില്ല.
എങ്കിലും അപരിചിതനായ ആ മനുഷ്യന്റെ പിന്നാലെ, പരിചിതമല്ലാത്ത ആ നഗരത്തില്‍ കൂടി ഞാനും നടന്നു. ആ നടത്തത്തില്‍ നിന്ന് എനിക്കൊരു കാര്യം ബോധ്യമായി ഞാന്‍ സ്വപ്നം കണ്ട, ഞാന്‍ പ്രതീക്ഷികളര്‍പ്പിച്ച ബോംബെയല്ലയിത്. തിക്കും തിരക്കും മാലിന്യങ്ങളുടെ കൂമ്പാരങ്ങളും മാത്രമാണ് എന്റെ കണ്ണിലുടക്കി കൊണ്ടിരുന്നത്. ബഹുനില കെട്ടിടങ്ങളാണെങ്കിലും, ജീര്‍ണിച്ച് നാറുന്ന അഴുക്കുചാലുകള്‍ അവയെ വിവര്‍ണമാക്കിയിരിക്കുന്നു.
നിരാശയോടെ വീണ്ടും വീണ്ടും കണ്ണുകള്‍ ഓരോന്നിലേക്കും പതിഞ്ഞു കൊണ്ടിരിക്കുന്നു.
പെട്ടെന്ന് തിക്കി തിരക്കി ഞങ്ങള്‍ക്കിടയിലൂടെ കടന്ന് പോയ ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍ നിന്ന് എന്റെ മുന്നില്‍ നടന്ന അപരിചിതനായ ആ മനുഷ്യനെ കാണാതായി.
ഞാന്‍ ചുറ്റും നോക്കി ഇല്ല, അയാളുടെ നിഴലു പോലും കാണാനില്ല. ചിലപ്പോ ഭാരമാകുമെന്ന് പേടിച്ചു വഴി മാറി പോയതാകും അല്ലെങ്കില്‍ എന്റെ പ്രതീക്ഷകള്‍കേറ്റ മങ്ങല്‍ എന്റെ കാഴ്ചകളിലേക്ക് പടര്‍ന്ന് ആ മനുഷ്യനില്‍ നിന്ന് ഞാന്‍ വഴിതെറ്റിയതുമാകാം. പക്ഷെ ഇനി എന്ത്.? ഭാഷ അറിയില്ല ദേശമറിയില്ല, മുന്നില്‍ ശൂന്യത മാത്രം. അലഞ്ഞു..
ആ പകല്‍ മുഴുവന്‍ കടത്തിണ്ണകളിലും തെരുവുകളിലും ഞാനാലഞ്ഞു നടന്നു. സഹായത്തിനായി പലരുടെയും വാതില്‍ മുട്ടി. അറിയാത്ത ഭാഷയില്‍ ഉച്ചത്തിലുള്ള ശകാരമല്ലാതെ പ്രതീക്ഷയുടെ ഒരു നാമ്പ് പോലും മുളപൊട്ടിയില്ല. ഒടുവില്‍ വീണ്ടും വന്നിറങ്ങിയ അതേ ബസ് സ്റ്റാന്‍ഡില്‍ തന്നെ തിരിച്ചെത്തി. ദാഹവും വിശപ്പും വേണ്ടുവോളമുണ്ട്.
കയ്യിലാണെങ്കില്‍ ആ പതിമൂന്ന് രൂപ ഇപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലമായി കിടക്കുന്നുണ്ട്. രാത്രിയാകുമ്പോഴേക്കും വിശപ്പ് നിക്കപ്പൊറുതിയില്ലാതാക്കി തുടങ്ങിയിരുന്നു. ഒടുവില്‍ എന്തും വരട്ടെയെന്ന് വിചാരിച്ചു അതില്‍ നിന്നും കുറച്ച് പണമെടുത്ത് ഒരല്‍പം വിശപ്പടക്കി. അല്ലെങ്കിലും പുലരുമോയെന്നറിയാത്ത നാളയെ കുറിച്ചോര്‍ത്ത് ഞാനെന്തിന് വേവലാതിപ്പെടണമല്ലേ.
ഇന്ന് കഴിഞ്ഞിട്ടല്ലേ നാളെ. ഇനി ഈ രാത്രി ഒന്ന് വെളുപ്പിക്കണം. ഇരുട്ടിന് പിന്നെയും കനം വച്ച് തുടങ്ങി. കണ്ണുകള്‍ ഉറക്കത്തെ അന്വേഷിക്കാനും. എവിടെ തല ചായ്ക്കും, ഞാന്‍ ചുറ്റും നോക്കി.തെരുവ് ഇപ്പോഴും ഉറങ്ങിയിട്ടില്ല. വാഹനങ്ങള്‍ ചീറി പായുകയും മനുഷ്യര്‍ എങ്ങോട്ടെന്നില്ലാതെ തിരക്കിട്ടോടുകയും ചെയ്യുന്നുണ്ട്.
എങ്കിലും കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തില്‍ നിന്നും രണ്ട് കാര്‍ബോര്‍ഡ് പെട്ടികള്‍ കയ്യിലെടുത്ത് വെളിച്ചം അതികം കടന്ന് വരാത്ത ഒരു മൂലയിലേക്ക് ഞാന്‍ നടന്ന് ചെന്നു. അവ പൊളിച്ചു നിവര്‍ത്തി, വൃത്തിഹീനമാണെങ്കിലും ഇതാണ് തന്റെ ഇന്നത്തെ കിടപ്പ് കേന്ദ്രമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. ദാ ഞാനിപ്പോ പരന്ന് കിടക്കുന്ന ആകാശത്തേക്ക് നോക്കി മലര്‍ന്ന് കിടക്കുകയാണ്.
നേരത്തെ പറഞ്ഞത് പോലെ പൊട്ടി പൊളിഞ്ഞ ആ ജനലഴികളില്‍ പിടിച്ചു വീണ്ടും കണ്ണുകള്‍ ആ വഴിയിലേക്ക് നീണ്ടുവന്നിട്ടുണ്ടാകും. കഞ്ഞി കലത്തിലെ, അവസാനത്തെ നാല് വറ്റിന്റെ അവകാശി പടികടന്ന് വരുന്നതും കാത്ത് ആ പാവം ഇപ്പോഴും കാത്തിരിക്കയാവും.
ചിലപ്പോ നാട് മുഴുവന്‍ ഇപ്പോ പരന്നിട്ടുണ്ടാകും അന്ദ്രുമാന്റെ തല തെറിച്ച മകന്‍ ഉമ്മാന്റെ പൊന്നും കട്ട് നാട് വിട്ടെന്ന്. എന്നാലും ഉമ്മ വിശ്വസിക്കില്ല. ഉമ്മ പണ്ടേ അങ്ങനെയാണ് എന്നെപ്പറ്റി ആരെന്തു പറഞ്ഞാലും വിശ്വസിക്കാറില്ല.
പാവം, ഞാന്‍ മാല മോഷ്ടിച്ചതിനേക്കാള്‍ ആ മനസ്സ് വേദനിക്കുക ചിലപ്പോ ഉമ്മയെ കള്ളം പറഞ്ഞ് പറ്റിച്ചതോര്‍ക്കുമ്പോഴാകും. ഉള്ളുരുകി വെന്ത് പോയിക്കാണും. അതോര്‍ത്തപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. ഇനിയിപ്പോ തിരിച്ചു ചെന്നാല്‍ കള്ളെനെന്ന വിളിപ്പേര് കൂടെയായി.
ഞാന്‍…. ഞാന്‍ കള്ളനായതല്ലല്ലേ എന്നെ ആക്കിയതല്ലേ. ജന്മം തന്നവരോ.? അതോ ദാരിദ്ര്യം കൊണ്ട് പരീക്ഷിച്ചവനോ.? ആരാണ് ഉത്തവാദി. അറിയില്ല…
എങ്കിലും ഒന്നറിയാം അനുഭവിച്ച നോവിന്റെ ഭാരം കൊണ്ടാണ് ഞാനിപ്പോ കള്ളനായതെന്ന്.
അതോര്‍ത്തപ്പോ എനിക്ക് വല്ലാതെ വേദന തോന്നി. എനിക്കെന്തിനാവും ഇത്രയും നിസ്സാരമായ ഈ കാര്യത്തിന് വേദന തോന്നുന്നത്.
കീറിയ ഉഡുപ്പിനെ നോക്കി കൂടെ കളിക്കുന്നവന്‍ പരിഹസിച്ചപ്പോ കുളിക്കാറെങ്കിലും ഉണ്ടോടാന്ന് ചോദിച്ചു കൊണ്ട്, പിള്ളേര്‍ക്ക് മുമ്പിലിരുന്ന് സാര്‍ പൊട്ടിച്ചിരിച്ചപ്പോ പുസ്തകസഞ്ചി വലിച്ചെറിഞ്ഞപ്പോ, നാണുവേട്ടന്റെ പറമ്പിലെ കൊത്തിയാല്‍ അടരാത്ത മണ്ണ് കുഞ്ഞി കൈ കൊണ്ട് ആഞ്ഞാഞ്ഞ് വെട്ടിയപ്പോ, തളര്‍ച്ച തോന്നിയ കൈയ്യില്‍ നിന്ന് പാളിപ്പോയ തൂമ്പയുടെ മൂര്‍ച്ച കാല്‍ വിരലിലേക്ക് തുളച്ചു കയറിപ്പോ വെറും മണ്ണിലെ വിരിപ്പില്‍ തണുത്ത് വിറങ്ങലിച്ചു ആ മലമുകളിലുറങ്ങിയപ്പോ, വേദനിച്ചു വേദനിച്ചു നീലിച്ചു കറുത്ത പോയ ഹൃദയമല്ലേ എന്റേത്. ശീലിച്ചതല്ലേ…എന്നിട്ടും ഇപ്പോ നോവുന്നതെന്ത് എന്ത് കൊണ്ടായിരിക്കും. ചിലപ്പോ പുതിയ വേദനയുടെ ഉപ്പുരസമറിഞ്ഞത് കൊണ്ടാവും. പഴയദ്രവിച്ച വേദകള്‍ പഴകി തുടങ്ങിയത് കൊണ്ടാവും. എങ്കിലും മറവിയിലുപേക്ഷിക്കാന്‍ കഴിയാത്ത പലതും ഇന്നും എന്റെ ഉള്ളം പൊള്ളിക്കാറുണ്ട്.

(തുടരും)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page