തിരു: രാഹുല്‍ ഗാന്ധിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡണ്ട് എം.എം ഹസ്സന്‍ അറിയിച്ചു. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയേയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ അടിയന്തിരമായി കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പി.വി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്- എം.എം ഹസ്സന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പി.വി അന്‍വറിന്റെ പരാമര്‍ശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഡി.എന്‍.എ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു,
പാലക്കാട്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണവേളയിലാണ് പി.വി അന്‍വര്‍ വിവാദ പരാമര്‍ശം നടത്തിയത്.
