ഇടുക്കി: മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 5.70 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതിന് പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി പ്രസ്താവനയില്‍ പറഞ്ഞു. ദേവികുളം, ഫാസ്റ്റ്ട്‌രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി പി.എ സിറാജുദ്ദീന്‍ ആണ് ശിഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി പിതാവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. മാതാവ് മറ്റൊരിടത്തും താമസിച്ചു വരികയായിരുന്നു. 2021 മാര്‍ച്ച് ഒന്നു മുതല്‍ 2022 ആഗസ്ത് 21 വരെ സ്വന്തം മകളെ പ്രതി നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് കാരണം ആദ്യം പീഡന കാര്യങ്ങള്‍ പുറത്തു പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. പീഡനം അസഹനീയമായതോടെ വിവരം പിതാവിന്റെ മാതാവിനോട് പറയുകയായിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതി പെണ്‍കുട്ടിയെ പൊള്ളിച്ചു. പീഡനവും പൊള്ളിച്ച കാര്യവും പെണ്‍കുട്ടി പിന്നീട് കൗണ്‍സിലിംഗ് ടീച്ചറെ അറിയിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
