പത്തനംതിട്ട: റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. അസ്വസ്ഥതയെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നിവലിയ കലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്. ആരോഗ്യ പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് കുത്തിവെപ്പിനായി എത്തിയതെന്ന് ചിന്നമ്മ പറഞ്ഞു. മൂന്നാമത്തെ ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ അതിനായി എത്തിയതാണെന്നാണ് ബൈക്കിൽ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും യുവാവ് നിർബന്ധിച്ച് കുത്തിവെപ്പ് നടത്തുകയായിരുന്നു.
നടുവിന് ഇരുവശത്തും ഇഞ്ചക്ഷൻ നൽകി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാൻ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നൽകിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മാനസിക രോഗിയാണോ എന്ന് സംശയത്തിലാണ് പൊലീസ് ഉള്ളത്.
