കാസർകോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ ഹോം വോട്ടിംഗിന്റെ ഭാഗമായി നാളെ ഞായറാഴ്ച്ച നിശ്ചയിച്ചിരുന്ന മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഹോം വോട്ടിംഗ് ഏപ്രില്‍ 22ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി വരണാധികാരി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. എന്നാൽ മൈക്രോ പ്ലാനില്‍ മാറ്റമുണ്ടാകില്ല. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി മണ്ഡലങ്ങളില്‍ മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ഞായറാഴ്ച്ച ഉള്‍പ്പടെ ഹോം വോട്ടിംഗ് നടക്കും.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടിംഗ് ഞായറാഴ്ച ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
