ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടടുപ്പ് ഇന്നാരംഭിച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്‌നാട്, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടില്‍ രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം 12.55% ആണ് പോളിങ്. തമിഴ്‌നാട്ടില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമല്‍ ഹാസന്‍, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍ സംഗീത സംവിധായകന്‍ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ചിരാഗ് പാസ്വാന്‍, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി കരുണാനിധി, ജിതിന്‍ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കള്‍.
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളുള്‍പ്പടെ 102 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോര്‍ത്ത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആവേശകരമായ മത്സരമാണ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
