ശ്രദ്ധ വേണം ഭക്ഷണ ശീലത്തില്‍

കൂക്കാനം റഹ്‌മാന്‍

എനിക്ക് ശേഷമുണ്ടായ അനുജനും ഞാനും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാന്‍ ഏഴാം ക്ലാസു വരെ ഓലാട്ട് സ്‌കൂളിലാണ് പഠിച്ചത്. അനിയനെയും അവിടെ ചേര്‍ത്തു. അവന്‍ കൃത്യമായി സ്‌കൂളില്‍ പോവുകയും പഠിക്കുകയും ചെയ്യുമായിരുന്നു. നല്ല തടിച്ചു കൊഴുത്ത ദേഹപ്രകൃതമായിരുന്നു അവന്റേത്. ഉമ്മയുടെ കരുതലോടെയുള്ള വളര്‍ത്തല്‍ കൊണ്ടാണ് അവന്‍ അങ്ങിനെയായത്.
അവന്‍ ആറാം ക്ലാസിലെത്തിയപ്പോള്‍ അവന്റെ ക്ലാസ് മാഷ് അവനെ കുട്ടികളുടെ മുമ്പില്‍ വെച്ച് വഷളാക്കി പറഞ്ഞു. ‘വത്തു നടക്കുമ്പോലെയാണല്ലോ നിന്റെ നടത്തം’ തടിച്ച ശരീരമായതിനാല്‍ മെല്ലെ മെല്ലേ അവന്‍ നടക്കൂ. അതിന് ശേഷം കൂട്ടുകാരെല്ലാം അവനെ വത്ത് എന്ന് വിളിക്കാന്‍ തുടങ്ങി. അക്കാലത്തെ മാഷമ്മാരുടെ വകതിരിവില്ലാത്ത പ്രസ്താവനകള്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാറുണ്ട്. സുഹൃത്തുക്കളുടെ തമാശയാക്കി കളിയാക്കല്‍ മൂലം അവന്‍ സ്‌കൂളില്‍ പോകാതായി. എത്ര നിര്‍ബ്ബന്ധിച്ചാലും എവിടെയെങ്കിലും പോയി ഒളിക്കും. ഉയരമുള്ള മരത്തില്‍ കയറി ഒളിക്കല്‍, പുല്ലിന്‍ കയയില്‍ കയറി വൈക്കോല്‍ ശരീരത്തില്‍ മൂടി ഒളിച്ചിരിക്കുക എന്നെല്ലാമാണ് അവന്റെ കലാപരിപാടികള്‍. അങ്ങിനെ ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. ഞങ്ങളുടെ നാട്ടില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ ബീഡിക്കമ്പനികളിലേക്കാണ് ചെല്ലുക. ബീഡിക്ക് നൂല് കെട്ടലില്‍ തുടങ്ങി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ബീഡി തെറുപ്പുകാരനായി മാറും. അക്കാലത്ത് നല്ല ഷര്‍ട്ടും മുണ്ടും ഉടുത്ത് ബീഡി ക്കമ്പനിയിലേക്ക് പോകുന്നവരെ ആദരവോടെ നാട്ടുകാര്‍ നോക്കി നില്‍ക്കും. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അനുജന്‍ ബീഡി തെറുപ്പും മതിയാക്കി.
എന്തെങ്കിലുമൊരു ജീവിതമാര്‍ഗ്ഗം കണ്ടെത്തിക്കൊടുക്കേണ്ടെ? അപ്പോഴേക്കും ഞാന്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചിരുന്നു. ഞങ്ങളുടെ പറമ്പില്‍ റോഡു സൈഡില്‍ ചെറിയൊരു ഒറ്റമുറി പീടിക ഞാന്‍ ഉണ്ടാക്കി. അതില്‍ കച്ചവടം തുടങ്ങാന്‍ അനുജനു വേണ്ട സാമ്പത്തിക സഹായവും ഒരുക്കിക്കൊടുത്തു. ആ കച്ചവടത്തില്‍ അവന് പുരോഗതി ഉണ്ടായി. കേവലം പതിനെട്ടു വയസ്സുകാരനായ അവന്‍ സ്വകാര്യമായി പുകവലി തുടങ്ങി. അതിന് കൂട്ടുകാരനായ സി. രാഘവന്‍ പ്രോത്സാഹനം നല്‍കി. (സി.രാഘവന്‍ എസ്.ബി.ഐ.യില്‍ നിന്ന് സീനിയര്‍ തസ്തികയില്‍ വിരമിച്ചു) നാട്ടിലേക്കാള്‍ കൂടുതല്‍ കച്ചവട സാധ്യത കരിവെള്ളൂര്‍ ബസാറിലാണെന്ന് അവന് തോന്നി. കച്ചവടം കരിവെള്ളൂരിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ പലതും കടന്നുപോയി. അവന്റെ കടയില്‍ സ്ഥിരമായി വരുന്ന ഒരു പെണ്‍കുട്ടിയുമായി അവന്‍ അടുപ്പത്തിലായി. അവളെ വിവാഹം കഴിക്കണമെന്ന് അവന്‍ വാശിപിടിച്ചു. അപ്പോഴേക്ക് അവന് ഇരുപത്തി ഒന്ന് വയസ്സു പൂര്‍ത്തിയായതേയുള്ളു. അവന്റെ ആഗ്രഹപ്രകാരം വിവാഹവും നടത്തിക്കൊടുത്തു. അവന്റെ ജീവിത രീതിയില്‍ മാറ്റം വരാന്‍ തുടങ്ങി. സ്വന്തമായ തീരുമാനം മാത്രമെ നടപ്പാക്കൂ. സ്വല്‍പം സാമ്പത്തിക ഉയര്‍ച്ച ഉണ്ടായി. വലിയ കൂട്ടുകെട്ടില്‍ പെട്ടു. ഭക്ഷണം പുറത്തു നിന്നേ കഴിക്കൂ. ലഹരിയോടും അല്‍പം കമ്പമുണ്ടായി എന്നു തോന്നുന്നു. പൊറോട്ടയും ബീഫും പോലുള്ളവ അവന്റെ നിത്യ ഭക്ഷണമായി മാറി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വയറു വേദനയുമായി പല ഡോക്ടര്‍മാരെയും സമീപിച്ചു. അതിനു പരിഹാരം കാണാന്‍ പറ്റിയില്ല. വേദന കലശലായി. എന്നെ വിളിച്ചു. ഞാന്‍ ചെന്നു നോക്കി. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. വയറില്‍ ഒന്നു രണ്ടു സ്ഥലത്ത് ചുവന്ന അടയാളം കണ്ടു. അവിടെയാണ് കടുത്ത വേദന.
ഞങ്ങളുടെ കുടുംബ ഡോക്ടറും അനിയന്റെ ക്ലാസ് മേറ്റുമായ ഡോക്ടറുടെ അടുത്തേക്ക് അവനെ എത്തിച്ചു. കാറില്‍ നിന്നിറങ്ങി ഡോക്ടറുടെ പരിശോധനാ മുറിയിലേക്ക് അവന് പോകാന്‍ പറ്റുന്നില്ല. നല്ല തിരക്കുള്ള സമയമായിട്ടും ഡോക്ടര്‍ ക്ലിനിക്കില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് വന്നു. ഒന്ന് തൊട്ടു നോക്കി. ‘മാഷെ ഇത് ഇപ്പോ പൊട്ടും ഉടനെ ഓപ്പറേഷന്‍ നടത്തണം.’ ഡോക്ടര്‍ പറഞ്ഞ പയ്യന്നുരിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഡോക്ടര്‍ തന്നെ നിര്‍ദ്ദേശിച്ച സര്‍ജനെ കണ്ടു. പെട്ടെന്ന് ഓപ്പറേഷന്‍ നടത്തി. ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടറും നഴ്സുമാരും തിയ്യേറ്ററില്‍ നിന്ന് പുറത്ത വരാത്തപ്പോള്‍ വേവലാതിയായി. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് തിയ്യേറ്ററില്‍ കയറ്റിയതാണ്. വൈകീട്ട് ഏഴു മണിയായി. ഡോ: പുറത്തേക്ക് വന്നു. അദ്ദേഹം പറഞ്ഞു. ‘ കുടലിനകത്ത് ഒന്നും വ്യക്തമായി കാണുന്നില്ല. പുകപോലെ എന്തോ ഒന്ന് കുടല്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു.
നാളെ ഒന്നു കൂടി ഓപ്പറേറ്റ് ചെയ്തു നോക്കാം.’ അനുജനെ ഐ.സി.യുവിലേക്ക് മാറ്റി. രണ്ടാം ദിനവും അതേ പ്രക്രിയ ആരംഭിച്ചു. ഡോ: പറഞ്ഞു ‘ഒന്നും മനസ്സിലാവുന്നില്ല.’ (ആ സര്‍ജറി ചെയ്ത ഡോക്ടര്‍ നാട്ടില്‍ തന്നെയുണ്ട്, സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍ ഇന്ന് വിദേശത്താണ്. പയ്യന്നൂരിലെ പ്രമുഖ ഹോസ്പിറ്റല്‍ നിലവിലുണ്ട്. പേരെടുത്തു പറയാത്തത് ആര്‍ക്കും വിഷമം വരേണ്ട എന്ന് കരുതിയാണ്)
ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി നേരെ മണിപ്പാലിലെത്തിച്ചു. കുടലില്‍ നിന്ന് അസഹ്യമായ രൂക്ഷ ഗന്ധമുള്ള ഒരു തരം ദ്രാവകം ലിറ്റര്‍ കണക്കിന് പുറത്തേക്കെടുത്തു. കുടല്‍ കാന്‍സറായിരുന്നു എന്ന് അവിടുത്തെ ഡോക്ടര്‍ കണ്ടെത്തി. ഓപ്പറേഷന്‍ കൂടാതെ ചികില്‍സ നടത്തി ഭേദമാക്കായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇനി പറഞ്ഞിട്ടു കാര്യമില്ല വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വീട്ടില്‍ കൊണ്ടുപോയി ഒന്നും ചെയ്യാന്‍ പറ്റാത്തതിനാല്‍ കാഞ്ഞങ്ങാട് എന്റെ സുഹൃത്ത് നടത്തുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഒരാഴ്ചയോളം അവിടെ കിടന്നു. അവന്‍ ഞങ്ങളെ വിട്ടുപോയി.
ഇതില്‍ നിന്നും പഠിച്ച പാഠം ഡോക്ടര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പെട്ടെന്ന് തീരുമാനത്തിലെത്താതെ ഒന്നുരണ്ടു ഡോക്ടര്‍മാരോട് അഭിപ്രായം ആരാഞ്ഞതിന് ശേഷമേ ചികില്‍സ ആരംഭിക്കാവൂ എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page