ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍; അങ്കം മുറുക്കി മുന്നണികള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കിയിരിക്കെ പോരാട്ടം അതി തീക്ഷ്ണതയിലേക്ക്. രാഷ്ട്രീയ എതിരാളികളെ കീഴ്‌പ്പെടുത്താന്‍ എല്ലാ വിധ ആയുധങ്ങളും പുറത്തെടുത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കച്ചകെട്ടി ഇറങ്ങിയിരിക്കെ സംസ്ഥാനം ഇതുവരെ കാണാത്ത പോരാട്ടത്തിനായിരിക്കും സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് വരാനിരിക്കുന്ന പോരാട്ടത്തിന് കരുത്തു പകരുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. കേരളത്തില്‍ നിന്നു ഒരു സീറ്റെന്ന മോദിയുടെ മോഹം നടക്കില്ലെന്നു മുഖ്യമന്ത്രി പിണറായി തുറന്നടിക്കുകയും ചെയ്തു.
ആര്‍.എസ്.എസിനും മോദിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തുറന്നടിച്ചതും തെരഞ്ഞെടുപ്പ് പ്രചരണരംഗം തിളച്ചു മറിയുന്നതിന് ഇടയാക്കിരിക്കുകയാണ്.
ബൂത്തിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന സര്‍വ്വെ ഫലങ്ങളും ഇരുമുന്നണികളുടെയും ബിജെപിയുടെയും നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. കേരളത്തിലെ മുഴുവന്‍ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുമെന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന ഫലങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന സര്‍വ്വേഫലം എല്‍.ഡി.എഫിനു ആശ്വാസം പകര്‍ന്നിട്ടുണ്ട്. എങ്കിലും മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നിട്ടു നില്‍ക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍ ഇടതുമുന്നണിയെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സര്‍വ്വേ ഫലങ്ങളില്‍ ബിജെപിക്ക് ആശ്വാസം ഇല്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. തൃശൂരിലും തിരുവനന്തപുരത്തുമാണ് പാര്‍ട്ടിയുടെ വലിയ പ്രതീക്ഷകള്‍. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുമെന്നാണ് നേതാക്കളുടെ കണക്കു കൂട്ടല്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page